കൊച്ചി : സിയാല്‍ ഓഹരി തട്ടിപ്പിൽ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ ഐഎസിനെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസിൽ വി ജെ കുര്യനെതിരെ മൂവാറ്റുപുഴ വിജിലസ് കോടതി ത്വരിതാന്വേഷണ ഉത്തരവിട്ടിരുന്നു. 2023 ഫെബ്രുവരിയിൽ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കുര്യന്‍ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചു. ആ സ്റ്റേ ഉത്തരവാണ് ഇന്ന് ഹൈക്കോടതി ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് നീക്കിയത്. അന്തരിച്ച കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവായിരുന്നു പരാതിക്കാരൻ.
2004ല്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ 1,20,000 ഓഹരികള്‍ അനധികൃതമായി പ്രവാസി ബിസിനസുകാരനായ സെബാസ്റ്റ്യന് അനുവദിച്ചു എന്നാണ് ആരോപണം. എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ (ESOP) പ്രകാരം സിയാല്‍ ജീവനക്കാര്‍ക്കായി അനുവദിച്ച സിയാലിലെ ജീവനക്കാരനല്ലാത്തയാള്‍ക്കാണ് 1,20,000 ഓഹരികള്‍ വി ജെ കുര്യന്‍ ഐഎസ് അനുവദിച്ചത്.
കമ്പനിയുടെ ജീവനക്കാരുടെ ഓഹരി ഉടമസ്ഥതാ പദ്ധതി പ്രകാരം സ്ഥിരം തൊഴിലാളികള്‍ക്ക് ഓഹരികള്‍ നല്‍കുന്നതില്‍ വിജെ കുര്യന്‍ വഞ്ചന കാട്ടിയെന്നാണ് ആരോപണം. ഈ പദ്ധതി പ്രകാരം, സ്വീപ്പര്‍മാര്‍ മുതല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍മാര്‍ വരെയുള്ള എല്ലാവര്‍ക്കും സിയാല്‍ ഓഹരികള്‍ നല്‍കിയിരുന്നു. എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ പ്രകാരം സ്വീപ്പര്‍ മുതല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വരെയുള്ള ഓരോ സിയാല്‍ ജീവനക്കാരനും 10 രൂപ മുഖവിലയുള്ള 500 ഓഹരികള്‍ ലഭിച്ചു, അന്ന് വിപണി വില 250 രൂപയായിരുന്നു. ആ സമയത്ത്, സിയാലിന്റെ എംഡിയായ വിജെ കുര്യന്‍ തന്റെ അധികാരം ഉപയോഗിച്ച് അദ്ദേഹത്തിന്റെ ബിനാമിയാണെന്ന് ആരോപിക്കപ്പെടുന്ന സെബാസ്റ്റ്യന്‍ എന്ന പ്രവാസി ബിസിനസുകാരന് 1,20,000 ഓഹരികള്‍ നല്‍കിയെന്നാണ് ആക്ഷേപം.വി.ജെ. കുര്യന്റെ ബിനാമിയാണ് സെബാസ്റ്റ്യന്‍ എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സെബാസ്റ്റ്യന്‍ പിന്നീട് ഈ ഓഹരികള്‍ വിറ്റു. സിയാലില്‍ പങ്കില്ലാത്ത സെബാസ്റ്റ്യന് 1,20,000 ഓഹരികള്‍ എങ്ങനെ ലഭിച്ചു എന്നതിലാണ് വിജിലന്‍സ് അന്വേഷണം. കുര്യനെതിരെ മറ്റ് ആരോപണങ്ങളും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും, ഓഹരി തട്ടിപ്പ് അന്വേഷിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
സംഭവത്തില്‍ 5.5 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്.

