Sunday, May 19, 2024
spot_img

പാലക്കാട് നിരോധനാജ്ഞയെ വെല്ലുവിളിച്ച് സംഘർഷം; കേസെടുക്കാതെ പൊലീസ്; ടര്‍ഫ് ഫുട്‌ബോള്‍ മത്സരത്തിന് വിലക്കില്ലെന്ന് ന്യായികരണം

പാലക്കാട്: പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെ കപ്പൂരിൽ ടര്‍ഫ് ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘർഷം. തിങ്കളാഴ്ച രാത്രി കപ്പൂര്‍ കൂനംമുച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.

അതേസമയം മത്സരത്തിനിടെ റഫറി ഫൗള്‍ അനുവദിക്കാതിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടർന്ന് ഇരുവിഭാഗം കാണികൾ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടിയത്. പൊടിക്കാംകുന്നിലെയും കുമ്പിടിയിലെയും ടീമുകള്‍ തമ്മിലായിരുന്നു മത്സരം.

ആദ്യം ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനു പിന്നാലെ രണ്ടുടീമുകളുടെയും ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ ഏകദേശം അരമണിക്കൂറോളം സംഘര്‍ഷം നീണ്ടു.

എന്നാൽ വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ടര്‍ഫ് മാനേജര്‍ക്കോ മറ്റുള്ളവര്‍ക്കോ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. മാത്രമല്ല പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ടര്‍ഫ് ഫുട്‌ബോള്‍ മത്സരത്തിന് വിലക്കില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.

 

Related Articles

Latest Articles