Monday, January 5, 2026

രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷം; പ്രശ്‌ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദ ബോസ്

രാമനവമി ഘോഷയാത്രക്കിടെ സംഘർഷമുണ്ടായ സംഭവത്തിൽ ഹൂഗ്ലി ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദ ബോസ് . ഗുണ്ടകളെ നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും ‘ആൾക്കൂട്ട ആക്രമണം’ വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.

ജി20 യോഗത്തിന്റെ ഭാഗമായി ഡാർജിലിങ്ങിലായിരുന്ന ഗവർണർ ഇന്നലെയാണ് പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയത്.

ഗുണ്ടകളെ നിയമം കൈയിലെടുക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും കേന്ദ്രവും സംസ്ഥാനവും രാഷ്ട്രീയ പാർട്ടികളും മാദ്ധ്യമങ്ങളും ജനങ്ങളും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാൻ കൈകോർക്കുമെന്നും ഗവർണർ മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി . ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും പ്രദേശവാസികളുമായും അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
ഡാർജിലിങ്ങിൽ നിന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് നേരെ ഹൂഗ്ലി ജില്ലയിലെ റിശ്രയിൽ എത്തിയ ഗവർണർ ഇന്നലെ രാത്രി അക്രമവും തീവെപ്പും നടന്ന റെയിൽവേ ഗേറ്റ് നമ്പർ 4-ലേക്ക് പോയി.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷും പാർട്ടിയുടെ പുർസുറാ എംഎൽഎ ബിമൻ ഘോഷും പങ്കെടുത്ത രാമനവമി ഘോഷയാത്രയ്ക്കിടെ ഞായറാഴ്ച വൈകുന്നേരമാണ് റിശ്രയിൽ സംഘർഷമുണ്ടായത്.സംഭവത്തിൽ പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിശ്രയുടെ സമീപപ്രദേശമായ സെറാംപൂരിലും അക്രമ സംഭവങ്ങളുണ്ടായി. ഇതോടെ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

Related Articles

Latest Articles