ഛത്തീസ്‌ഗഡിലെ നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന . ഇന്ന് പുലര്‍ച്ചെ അഭുജ്മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തു.മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി സൈനികരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നിവിടങ്ങളിലാണ് സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.
നാല് ജില്ലകളിൽ നിന്നുള്ള റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് റായ്‌പൂര്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം ബിജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു.
ഏപ്രിൽ 16ന് കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 29 മാവോയിസ്റ്റുകളെയും അബുജ്മർ മേഖലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെയും വധിച്ചിരുന്നു.

