ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. അഞ്ച് ജെയ്‌ഷെ ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്ന് കുൽഗാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നാലെയാണ് കത്വയിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
കോഗ ഗ്രാമത്തിൽ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ മറഞ്ഞിരുന്ന് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ സേന പ്രത്യാക്രമണം നടത്തി.
ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് പ്രദേശത്ത് ഉള്ളത് എന്നാണ് വിവരം. ഏറ്റുമുട്ടൽ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

