Thursday, January 8, 2026

ഉയർന്നിരിക്കുന്നത് ഒന്നിലധികം ലൈംഗികാതിക്രമ ആരോപണങ്ങൾ ! മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവ മോര്‍ച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

കൊല്ലം : ഒന്നിലധികം ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യം ശക്തമാകുന്നു. രാജി ആവശ്യവുമായി മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി. ആദ്യം യുവ മോര്‍ച്ചയാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി.

മുകേഷിനെതിരെ കഴിഞ്ഞ ദിവസം കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി നടി മീനു മുനീറും രംഗത്ത് വന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. യുവമോര്‍ച്ച പ്രതിഷേധത്തിനുശേഷം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധ റാലിയുമായി എത്തി.

ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധിച്ചു. പിന്നാലെ പ്രവർത്തകർ മുകേഷിന്‍റെ കോലം കത്തിച്ചു. അതേസമയം, ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ പൊലീസുമായി വാക്കേറ്റമുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.

Related Articles

Latest Articles