ചെറുകിട,കുടുംബ വ്യവസായങ്ങള്‍ക്ക് ഇന്ന് ഏറെ അവസരമുണ്ട്. ചെറിയ മുതല്‍മുടക്കില്‍ മികച്ച വരുമാനം ലഭിക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. അത്തരം സംരംഭങ്ങളിലൊന്നാണ് ക്ലീനിംഗ് ഉത്പന്നങ്ങളുടെ നിര്‍മാണം. ടോയ്‌ലറ്റ് ക്ലീനര്‍, ഹാന്റ് വാഷ്, ഫിനോയില്‍, ഡിഷ് വാഷ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. വീടുകള്‍,ഹോട്ടലുകള്‍,ആശുപത്രികള്‍,ഓഫീസുകള്‍ എന്നിവരെല്ലാം ഉപഭോക്താക്കളാണ്.
പരസ്യ പിന്തുണയോടെ വിപണിയിലെത്തുന്ന ബ്രാന്‍ഡഡ് ക്ലീനിംഗ് ഉത്പന്നങ്ങളുടെ വിഹിതം 60 ശതമാനമാണ്. ബാക്കിയുള്ള 40 ശതമാനം ഉപഭോക്താക്കളും പ്രാദേശിക ഉത്പന്നങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. വലിയ മെഷിനറികളോ സാങ്കേതികവിദ്യയോ ആവശ്യമില്ലെന്നതിനാല്‍ ആര്‍ക്കും ഈ സംരംഭം ആരംഭിക്കാന്‍ കഴിയും. ഗുണമേന്മ നിലനിര്‍ത്തണമെന്നതാണ് പ്രധാന മാനദണ്ഡം. കുടുംബ ബഡ്ജറ്റിന് ഇണങ്ങുന്ന വിലയ്ക്ക് ഉത്പന്നം വിപണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിപണിയില്‍ മുന്നേറാന്‍ സാധിക്കും.
ബാര്‍കോഡ്, വെബ്‌സൈറ്റ് തുടങ്ങി സ്ഥാപനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനുള്ള ചിഹ്നങ്ങള്‍ എല്ലാം ലേബലിലും പോസ്റ്റുകളിലും ഉള്‍പ്പെടുത്തി ആകര്‍ഷകമായ പായ്ക്കിങ്ങോടുകൂടി തന്നെ വിപണി പ്രവേശം നടത്തണം. ആദ്യ ഘട്ടത്തില്‍ പ്രാദേശിക വിപണി പിടിച്ചെടുക്കണം. ഉത്പ്പാദന കേന്ദ്രത്തില്‍ നിന്നും നേരിട്ട് വിതരണം ചെയ്യുന്നതിനോടൊപ്പം റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലൂടെയും വിതരണം ചെയ്യാം. പിന്നീട് ഹോട്ടലുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ എന്നിവയ്‌ക്കെല്ലാം വലിയ പായ്ക്കറ്റുകള്‍ ഓഫര്‍ വിലയില്‍ നേരിട്ട് വില്‍ക്കാം.
പ്രാദേശിക ഉല്‍പ്പന്നമായതിനാല്‍ കമ്മീഷന്‍ കൂടുതല്‍ നല്കുന്നത് വില്പനക്കാര്‍ക്ക് ആകര്‍ഷകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലൈസന്‍സും ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷനും വാറ്റ് രജിസ്‌ട്രേഷനും നേടിയ ശേഷം ഉത്പാദനം ആരംഭിക്കാം.

