തിരുവനന്തപുരം : കേരളം കടുത്ത പവര്ക്കറ്റിലും അപ്രതീക്ഷിത വൈദ്യുതി തടസ്സങ്ങളിലും വറുതിയിലാകുമ്പോള്, മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് മാത്രം കറണ്ട് മുടങ്ങാത്തതില് വ്യാപക വിമര്ശനം. ജനങ്ങള് ഇരുട്ടില് തപ്പിയപ്പോഴും ക്ലിഫ് ഹൗസിലേക്കുള്ള ഫീഡറുകള്ക്ക് യാതൊരുവിധ നിയന്ത്രണവുമുണ്ടായിരുന്നില്ല. ക്ലിഫ് ഹൗസിനോട് ചേര്ന്ന് താമസിക്കുന്ന ചുരുക്കം ചില വീട്ടുകാര്ക്കും മാത്രമാണ് ഈ അപൂര്വ ഭാഗ്യം ലഭിച്ചു കൊണ്ടിരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എപ്പോള് കറണ്ട് പോകുമെന്നോ എത്ര സമയം നീണ്ടു നില്ക്കുമെന്നോ അറിയാതെയാണ് കേരളത്തിലെ ജനങ്ങള് ദുരിതം അനുഭവിക്കുന്നത്. പീക്ക് ഹവേഴ്സിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് കട്ടാകുമ്പോള്, ക്ലിഫ് ഹൗസിലേക്കുള്ള രണ്ട് ഫീഡറുകളും ഓഫ് ചെയ്തിരുന്നില്ല. നന്ദന്കോട് ഭാഗത്തെ മറ്റ് ചില വീടുകളില് കഴിഞ്ഞ ദിവസങ്ങളില് പവര്കട്ട് ബാധിച്ചപ്പോഴും ക്ലിഫ് ഹൗസ് പരിസരം യാതൊരു തടസ്സവുമില്ലാതെ പ്രകാശപൂരിതമായി തുടര്ന്നു.
പ്രദേശവാസികള്ക്ക് ഔദ്യോഗികമായി പവര്കട്ട് ഉണ്ടാവുമെന്ന സന്ദേശങ്ങള് ഫോണില് എത്തിയ ദിവസങ്ങളില് പോലും ക്ലിഫ് ഹൗസ് മേഖലയില് വൈദ്യുതി നിലച്ചിരുന്നില്ല. ജനങ്ങളുടെ ദുരിതം സാധാരണക്കാരായ ഉപയോക്താക്കള് മാത്രം അനുഭവിക്കുമ്പോള് മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും മറ്റ് മന്ത്രിമാരും ഈ ബുദ്ധിമുട്ടുകളില് നിന്ന് പൂര്ണ്ണമായി ഒഴിവാക്കപ്പെടുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. മറ്റ് മന്ത്രിമന്ദിരങ്ങളില് കറണ്ട് പോയാലും ഇന്വെര്ട്ടറുകളുടെ സഹായത്തോടെ പരിഹരിക്കുന്നുണ്ടെങ്കിലും, ക്ലിഫ് ഹൗസിനായി മാത്രം പ്രത്യേക ഫീഡര് ഒരുക്കിയിരിക്കുന്നതാണ് വിമര്ശനങ്ങള്ക്ക് ആക്കം കൂട്ടിയത്.
വിഷയം സാമൂഹ്യ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്ച്ചയാവുകയും കനത്ത പ്രതിഷേധം ഉയരുകയും ചെയ്തതോടെ, ഈ പ്രത്യേക ആനുകൂല്യം ക്ലിഫ് ഹൗസിലേക്ക് മാത്രമായി ചുരുക്കാനുള്ള പുതിയ സംവിധാനത്തിലേക്ക് KSEB മാറുമെന്നാണ് പുതിയ റിപ്പോര്ട്ടുകള്. ഇത് യാഥാര്ത്ഥ്യമാകുന്നതോടെ ക്ലിഫ് ഹൗസ് പരിസരത്തെ സാധാരണ വീടുകളിലെ കറണ്ട് നിലയ്ക്കുകയും മന്ത്രിമന്ദിരം മാത്രം ഇരുട്ടിലാകാതെ സംരക്ഷിക്കപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള് എത്തും. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലെ ഈ പ്രത്യേക ‘വിഐപി പ്രിവിലേജ്’ ഭരണാധികാരികള്ക്കെതിരെ വലിയ ജനരോഷത്തിനാണ് കാരണമായിരിക്കുകയാണെന്നാണ് റിപ്പോര്ട്ടുകള്.

