Thursday, December 25, 2025

ചർച്ചയ്ക്കായി കേന്ദ്ര ധനമന്ത്രി കേരളാ ഹൗസിലെത്തി; മുഖ്യമന്ത്രിക്കൊപ്പം കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കറും; ദില്ലിയിൽ അസാധാരണ നീക്കങ്ങൾ

ദില്ലി: കേരളത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിക്കുന്നുവെന്ന പരാതിക്കിടയിൽ ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്നിടത്ത് നേരിട്ടെത്തി ചർച്ച നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ധനമന്ത്രിയെ പ്രഭാത ഭക്ഷണത്തിന് മുഖ്യമന്ത്രി ക്ഷണിക്കുകയായിരുന്നു. കേരളഗവർണർ രാജേന്ദ്ര ആർലേക്കറും ചർച്ചകളിൽ പങ്കെടുത്തത് ശ്രദ്ധേയമായി. മുഖ്യമന്ത്രിക്കും ഗവർണർക്കും പുറമെ ദില്ലിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസും കേരളത്തിന്റെ ധനകാര്യ സെക്രട്ടറിയും പങ്കെടുത്തു. 45 മിനിട്ടോളം ചർച്ച നീണ്ടു.

വയനാട് പുനരധിവാസത്തിനായി നൽകിയ ദീർഘകാല പലിശരഹിത വായ്‌പ്പ വിനിയോഗിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുക, പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കുക, വിഴിഞ്ഞം തുറമുഖത്തിന് അനുവദിച്ച വയബിലിറ്റി ഗ്യാപ്പ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കുക, കേരളത്തിന് എയിംസ് പ്രഖ്യാപിക്കുക തുടങ്ങി പത്തോളം ആവശ്യങ്ങൾ കേരളം കേന്ദ്രമന്ത്രിയെ അറിയിച്ചതായാണ് സൂചന. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ധനമന്ത്രി പറഞ്ഞതായാണ് സൂചന. ദില്ലിയിൽ നടന്നത് അനൗപചാരിക ചർച്ചകളെന്നാണ് കേരള സർക്കാർ അറിയിക്കുന്നത്.

അതേസമയം തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ആശമാരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചില്ല. ആശ പ്രവർത്തകരുടെ ഹോണറേറിയം അടക്കമുള്ള നൽകുന്നതിനുള്ള കേന്ദ്രവിഹിതം കുടിശ്ശികയാണെന്നും സമരം ചെയ്യേണ്ടത് ദില്ലിയിലാണെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. കുടിശ്ശികയുണ്ടെങ്കിൽ ധനമന്ത്രിയോട് വിഷയം ഉന്നയിക്കാത്തതെന്ത് എന്ന വിമർശനം ഉയരുന്നു. കേന്ദ്രഅവഗണന എന്നത് പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. കേന്ദ്രവിഹിതം കുടിശ്ശികയില്ലെന്നും മുഴുവൻ തുകയും സംസ്ഥാന സർക്കാരിന് നൽകിയെന്നും ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഇന്നലെ പാർലമെന്റിൽ പറഞ്ഞിരുന്നു.

Related Articles

Latest Articles