മലപ്പുറം: പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ (Muslim League) രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി (Pinarayi Vijayan) പിണറായി വിജയൻ. തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും മുസ്ലിം ലീഗ് സ്വയം ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗ് വർഗീയ പക്ഷത്തേക്ക് ചായുകയാണ്. ലീഗിലെ സമാധാനകാംക്ഷികളെ തീവ്രവാദത്തിൻ്റെ കൈകളിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ്. ഇക്കാര്യം സാധാരണക്കാരായ ലീഗ് പ്രവർത്തകർ തിരിച്ചറിയണം. ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇനി വികസനം നടക്കാൻ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് പ്രതിപക്ഷം. ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ട്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോൾ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണ്. മുസ്ലീം ലീഗിന്റെ വർഗീയ നിലപാടുകൾക്കെതിരെ ആ പാർട്ടിയിലെ സമാധാന കാംക്ഷികളായവർ രംഗത്ത് വരണം. നാടിനാവശ്യമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് പ്രശ്നത്തിൽ ലീഗ് നടത്തിയ റാലിയിലൂടെ അവരുടെ നിലപാട് കുറച്ച് കൂടി കടന്ന് പോകുന്നു എന്നതിൻ്റെ തെളിവാണ്. മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴാണ് വർഗീയതയാകുന്നത്. മതനിരപേക്ഷ കേരളത്തിൻ്റെ അടിത്തറ തകർക്കാനുള്ള ശ്രമമാണ് ചിലരെങ്കിലും നടത്തുന്നത്. സ്വത്വ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

