Monday, May 20, 2024
spot_img

മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ; പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷം; സുരക്ഷ ശക്തം

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ശക്തമാവുകയാണ്. പ്രതിഷേധം ഭയന്നാണ് പോലീസ് വലയത്തിൽ മുഖ്യമന്ത്രി യാത്ര തുടരുന്നത്. ഇന്ന് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി കണ്ണൂരിൽ എത്തിയ പിണറായി വിജയൻ സ്വഭവനത്തിൽ തങ്ങാതെ ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. രാവിലെ 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാകും പിണറായി വിജയൻ എത്തുക. ഇന്നും വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാകും മുഖ്യമന്ത്രിക്കായി പോലീസ് ഒരുക്കുക.

അതേസമയം ഇന്നലെ രാത്രിയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട്ട് നടന്ന പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴിയാണ് പ്രതിഷേധം ഉണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സംഭവത്തിൽ പത്ത് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു.

നേരത്തെ കനത്ത സുരക്ഷയിലും ഇന്നലെ കോഴിക്കോട് പലയിടത്തും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചിരുന്നു. കേരളത്തിലുടനീളം പലയിടങ്ങളിലായി മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കനക്കുകയാണ്.

Related Articles

Latest Articles