Saturday, January 3, 2026

കനത്ത പോലീസ് വലയത്തിൽ മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത്; പ്രതിഷേധത്തിന് സാധ്യത, രണ്ട് പരിപാടികളിൽ പങ്കെടുക്കും

മലപ്പുറം: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത്. ഇന്നലെയുണ്ടായ വിവാദങ്ങൾ ഒഴിയും മുമ്പ് ഇന്നും കനത്ത പോലീസ് വലയത്തിലാണ് പിണറായി മലപ്പുറത്ത് എത്തുന്നത്. പ്രതിഷേധ സാധ്യതയുള്ളതിനാലാണ് ഇന്നും കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടും പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം. ഇന്നലെ കൊല്ലത്ത് നൽകിയ അതെ നിർദേശങ്ങളാണ് ഇന്ന് മലപ്പുറത്തും പോലീസ് നൽകുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് എത്തണം. ഇതിന്റെ ഭാഗമായി പൊന്നാനി തീരദേശ റോഡ് അടച്ചിടും.

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണുള്ളത്. തവനൂരിലെ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രി മുഹമ്മദ്‌ റിയാസ്, കെടി ജലീൽ എംഎൽഎ തുടങ്ങിയവരും പങ്കെടുക്കും. അതിന് ശേഷം പുത്തനത്താണിയിൽ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. അവിടെയെത്തി മൂന്ന് പരിപാടികളിൽ പങ്കെടുക്കും.

പരിപാടി നടക്കുന്ന വേദിക്ക് സമീപത്തേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉദ്ഘാടനവേദിയിലേക്ക് ഒൻപത് മണിക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഒൻപത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

ഇന്നലെയും കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പോലീസ് ഒരുക്കിയത്. കൊച്ചിയിലെയും കോട്ടയത്തെയും പൊതുപരിപാടികൾ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ ഇവിടെയും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മാത്രമല്ല പോലീസിന്റെ അസാധാരണ സുരക്ഷാ വലയത്തിൽ പൊതുജനങ്ങൾ വലഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വന്ന കുടുംബത്തെ പോലും തടഞ്ഞു. പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പോലീസുകാരുടെ വലയത്തിൽ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി.

Related Articles

Latest Articles