തിരുവനന്തപുരം: ദുരിതാശ്വാസ നിധി (CMDRF Fund Fraud) വകമാറ്റി വേണ്ടപ്പെട്ടവർക്ക് വേണ്ടി ചെലവഴിച്ചെന്ന മുഖ്യമന്ത്രിക്കെതിരായ ഹർജി ഇന്ന് ലോകായുക്ത പരിഗണിക്കും. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും പൊതു പ്രവർത്തകുമാനായ ആർഎസ് ശശി കുമാർ നൽകിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങളും എതിർ കക്ഷികളാണ്.
ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്‌ട്രീയ നേതാക്കളുടെ കടം തീർക്കാൻ നൽകിയെന്നാണ് ഹർജി. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി 25 ലക്ഷം രൂപ നൽകിയത്, അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടയ്‌ക്കാനും സ്വർണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകിയത് എന്നിവയാണ് പ്രധാനമായും ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
അതിനുപുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം നൽകിയത് തുടങ്ങിയവയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട് . പണം നൽകിയതിന്റെ എല്ലാ രേഖകളും സർക്കാർ ലോകായുക്തയിൽ നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് പണം അനുവദിച്ചതെന്ന് സത്യവാങ്മൂലവും നൽകി. സർക്കാർ സമർപ്പിച്ച രേഖകളിൽ മേലാകും ഇന്ന് വാദം നടക്കുക. ഉച്ചയ്‌ക്കാണ് ലോകായുക്ത ഡിവിഷൻ ബച്ച് കേസ് പരിഗണിക്കുന്നത്. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

