Thursday, January 1, 2026

ഭക്തജനങ്ങളെ കൊള്ളയടിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം; ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു

തൃശൂര്‍: സംസ്ഥാനത്ത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്(Cochin Deswam Board) കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് വര്‍ദ്ധിപ്പിച്ചു. പത്ത് മുതല്‍ 30 മുപ്പത് ശതമാനം വരെയാണ് വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്. മൂന്നു വര്‍ഷത്തിന് ശേഷമാണ് വഴിപാട് നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ക്ഷേത്രങ്ങളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ദേവസ്വം ബോര്‍ഡ് നേരിട്ട് കൊണ്ടിരിക്കുന്നത്. പലപ്പോഴും ശമ്പളം പോലും നല്‍കിയത് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച സാമ്പത്തിക സഹായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ട് ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നിരക്ക് വര്‍ദ്ധനയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം സാധനങ്ങളുടെ വിലക്കയറ്റത്തിനസരിച്ചുള്ള കാലാനുസൃതമായ വര്‍ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്നാണ് ബോര്‍ഡ് അധികൃതരുടെ വിശദീകരണം.

പുഷ്പാജ്ഞലി, എണ്ണ, എള്ള് തിരി,ചുറ്റു വിളക്ക്, പായസം , പാല്‍പായസം , ഗണപതി ഹോമം തുടങ്ങി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ വഴിപാടുകള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ന് മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു. ക്ഷേത്രങ്ങളില്‍ നിത്യേനയുള്ള പ്രധാന വഴിപാടുകളായി പുഷ്പാജ്ഞലിക്ക് പത്ത് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കി.

മാത്രമല്ല ഭാഗ്യ സൂക്തം, ഐക്യമത്യം,സാരസ്വതം തുടങ്ങിയ പുഷ്പാഞ്ജലികള്‍ക്ക് ആറു രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 30 രൂപയാണ് ഈടാക്കിയിരുന്നത്. മാല വഴിപാടിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കി. ഗണപതി ഹോമം, ഭഗവത് സേവ എന്നിവയെക്കെല്ലാം ക്ഷേത്രങ്ങളുടെ കാറ്റഗറി അനുസരിച്ചാണ് വര്‍ദ്ധന വരുത്തിയിട്ടുള്ളത്.

കൂടാതെ ക്ഷേത്രങ്ങളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്കും അത് ചിത്രീകരിക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നാനൂറോളം ക്ഷേത്രങ്ങളാണ് ഉള്ളത്.

ഇതില്‍ തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍,ചോറ്റാനിക്കര, തൃപ്പൂണിത്തുറ,വടക്കുംനാഥന്‍, തിരുവില്വാമല തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നാണ് ബോര്‍ഡിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. ചില ക്ഷേത്രങ്ങളില്‍ നിന്ന് ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കാനുള്ള വരുമാനം ലഭിക്കുന്നില്ല.

Related Articles

Latest Articles