വഡോദര: പാഴ്സൽ വാങ്ങിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ട 45കാരനെ ഹോട്ടൽ മാനേജറും സഹായിയും തല്ലിക്കൊന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു വാങ്കർ ആണ് ആക്രമണത്തിൽ മരിച്ചത്, ഗുരുതര പരിക്കുകളോടെ വഡോദരയിലെ എസ്.എസ്.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. കേസിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ലിംബാഡിയ ഗ്രാമത്തിലെ ഒരു ഹൈവേ ഹോട്ടലിൽ വെച്ചാണ് ആക്രമണമുണ്ടായത്. രാജു ഇവിടെ നിന്നും ദാൽ ബാത്തി പാഴ്സൽ ആയി ഓർഡർ ചെയ്തു. ലഭിച്ച പാഴ്സലിൽ ഭക്ഷണം വേണ്ടത്ര ഇല്ലെന്ന് രാജു പറഞ്ഞു. ഇതോടെ ഹോട്ടൽ മാനേജർ ധനാ ഭായി എത്തി തർക്കത്തിലേർപ്പെട്ടു.
തർക്കം രൂക്ഷമായതോടെ ഹോട്ടൽ മാനേജറുടെ സഹായി എത്തി. ഇരുവരും ചേർന്ന് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രാജുവിന്‍റെ ആന്തരികാവയവങ്ങൾക്കടക്കം ക്ഷതമേറ്റിരുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

