Sunday, May 12, 2024
spot_img

തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിനെതിരെ വീണ്ടും പരാതി; എടുക്കാത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതായി നോട്ടീസ്; പരാതി നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിജിലന്‍സ് കോടതിയെ സമീപിച്ച് പരാതിക്കാരൻ

തൃശ്ശൂർ: എടുക്കാത്ത ലോണിന്റെ പേരില്‍ നോട്ടീസ് ലഭിച്ചതായി പരാതി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമായ എംകെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂർ സഹകരണ ബാങ്കിനെതിരെയാണ് വീണ്ടും പരാതി. പരാതി നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നെടുപുഴ വട്ടപ്പിന്നി സ്വദേശി കെഎസ് ഷാബു വിജിലന്‍സ് കോടതിയെ സമീപിച്ചു. ലേലത്തിന്റെ നോട്ടീസ് വരെ വസ്തുവില്‍ പതിച്ചെന്ന് കെഎസ് ഷാബു പറഞ്ഞു.

തന്റെയും ഭാര്യയുടേയും പേരിലാണ് വസ്തുവെന്നും എന്നാല്‍ സ്ഥലത്തിന്റെ പേരില്‍ ലോണ്‍ എടുത്തത് താനും ഭാര്യയും അറിഞ്ഞിട്ടില്ലെന്നും കെഎസ് ഷാബു പ്രതികരിച്ചു. തിരിമറി നടന്നിട്ടുണ്ടെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയമുണ്ടെന്നും ഷാബു പറയുന്നു. തൃശ്ശൂർ ശക്തന്‍ നഗറിലെ ബ്രാഞ്ചില്‍ നിന്നാണ് ഷാബുവിന് നോട്ടീസ് ലഭിച്ചത്.

മകളുടെ ആവശ്യത്തിന് വേണ്ടി തൃശ്ശൂർ സഹകരണ ബാങ്കിന്റെ കൂര്‍ക്കഞ്ചേരി ശാഖയില്‍ നിന്ന് ലോണെടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ അദാലത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശക്തന്‍ നഗറിലെ ബ്രാഞ്ചില്‍ നിന്നും നോട്ടീസ് ലഭിച്ചു. ഈ നോട്ടീസില്‍ നല്‍കിയിരിക്കുന്ന ലോണ്‍ വിവരങ്ങള്‍ തെറ്റായിരുന്നു. തന്റെ പേരില്‍ മാറ്റാരോ ലോണെടുത്തതാണെന്നായിരുന്നു ഷാബു കരുതിയിരുന്നത്. തുടര്‍ന്ന് ബാങ്കിനെ സമീപിക്കുകയയാിരുന്നു. എന്നാല്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് മറുപടികള്‍ ലഭിച്ചില്ല.

തുടര്‍ന്ന് അപ്പീല്‍ നല്‍കുന്നതിനൊടൊപ്പം രജിസ്ട്രാര്‍ക്ക് വിവരവകാശവും നല്‍കിയിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ക്ക് ബാങ്ക് കൃത്യമായ മറുപടി കൈമാറാത്തതിനാല്‍ വിവരാവകാശത്തിനും കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് വിഷയത്തില്‍ തട്ടിപ്പ് നടന്നിട്ടിണ്ടെന്ന് മനസിലാക്കി തൃശ്ശൂർ വിജിലന്‍സ് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്.

Related Articles

Latest Articles