Wednesday, May 15, 2024
spot_img

ദേവ പ്രശ്‌നമോ ദേവസ്വം പ്രശ്നമോ? ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങളും പാരമ്പര്യക്കാരുമറിയാതെ രഹസ്യമായി ദേവപ്രശ്നം; നൂറ്റാണ്ടുകളായി നടക്കുന്ന ഏകാദശി ഉദയാസ്തമന പൂജ അട്ടിമറിക്കാനെന്ന് ആരോപണം

തൃശ്ശൂർ: ഭക്തജനങ്ങളും പാരമ്പര്യക്കാരുമറിയാതെ ഗുരുവായൂർ ക്ഷേത്രത്തിൽ ദേവപ്രശ്‌നം നടത്തിയത് നൂറ്റാണ്ടുകളായി നടന്നുവരാറുള്ള ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ അട്ടിമറിക്കാനാണെന്ന് ആരോപണം. പതിവായി ഭക്തജന സാന്നിധ്യത്തിൽ നടന്നുവരാറുള്ള ദേവപ്രശ്നം ഇത്തവണ ആരുമറിയാതെയാണ് നടത്തിയത്. ദേവപ്രശ്‌നത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജയാണ് പ്രധാനമായും പരിശോധിച്ചത്. ആവശ്യമെങ്കിൽ ഈ പൂജ മാറ്റുന്നതിൽ ദേവന് അഹിതമില്ലെന്ന് തെളിഞ്ഞതായാണ് ലഭിക്കുന്ന സൂചന. ദേവഹിതം പരിശോധിക്കാൻ ജ്യോതിഷികളെ നിയോഗിച്ചതും ഭക്തജനാഭിപ്രായം പരിഗണിക്കാതെയാണ്. ഇതോടെയാണ് ഇഷ്ടമുള്ള രീതിയിൽ പലതും നടപ്പിലാക്കാൻ ഇഷ്ടക്കാരെ നിയോഗിക്കുകയാണെന്ന പരാതി ഉയരുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജയെന്ന് പഴമക്കാർ പറയുന്നു. 1938 ൽ പുറത്തിറങ്ങിയ ഒരു ചരിത്ര പ്രസിദ്ധീകരണത്തിൽ സാക്ഷാൽ ശങ്കരാചാര്യർ ഈ പൂജാ ക്രമത്തെ അനുഗ്രഹിച്ച് ആശീർവദിച്ചതായി പരാമർശമുണ്ട്. ചിറളയം സ്വരൂപമാണ് ആദ്യകാലത്ത് ഇവിടെ ഉദയാസ്തമന പൂജ നടത്തിവന്നിരുന്നത്. പിൽക്കാലത്ത് ഇത് ദേവസ്വം ഏറ്റെടുക്കുകയായിരുന്നു. ഏകാദശിയല്ലാത്ത ദിവസങ്ങളിൽ ഉദയാസ്തമന പൂജ നടത്താൻ ഭക്തർക്കും ഊഴമുണ്ട്. ഏകാദശി ഉദയാസ്തമന പൂജ പഞ്ചാംഗത്തിൽ അടക്കം രേഖപ്പെടുത്തിയ ശേഷം ഇതൊഴിവാക്കാൻ ദേവപ്രശ്‌നം നടത്തിയതെന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്.

അടുത്തിടെ ക്ഷേത്രവുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലരെ ദേവസ്വം ഗണിതപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതും വിവാദമായിരുന്നു. ഇപ്പോൾ ദേവപ്രശ്‌നത്തിനായി നിയോഗിച്ചവരിൽ ഒരാൾ പോലും പ്രദേശത്തുനിന്നോ ജില്ലയിൽ നിന്നോ ഇല്ല എന്നതും ഭക്തജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Related Articles

Latest Articles