തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയെ തുടർന്ന് മരിച്ച സുരേഷ് കുമാറിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് രോഗി മരിച്ചെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് മരിച്ച സുരേഷിന്റെ സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ഗുരുതര വീഴ്ച ആരോപിച്ച് മെഡിക്കൽ കോളേജിലെ രണ്ട് വകുപ്പ് മേധാവിമാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതേത്തുടർന്ന് പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ഡോക്ടർമാരെ ബലിയാടാക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി.
വകുപ്പ് മേധാവിമാരുടെ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെജിഎംസിടിഎ അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ സമഗ്രാന്വേഷണത്തിന്‍റെ ഭാഗമായുള്ള നടപടികൾ ഇന്നുണ്ടാകും.

