Tuesday, September 22, 2026

വീണ്ടും ആശങ്ക ! സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

പാലക്കാട് : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 19 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ആകെ 66 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈ മാസം 19 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. ഈ വർഷം 66 പേർക്ക് രോ​ഗ ബാധയുണ്ടായെന്നും 17 പേർ മരിച്ചതായും ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക് മസ്തിഷ്ക ജ്വരമാണോയെന്ന് കേരളം പരിശോധിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
അമീബിക് മസ്തിഷ്ക ജ്വരം വളരെ അപൂർവവും എന്നാൽ മാരകവുമായ ഒരു രോഗമാണ്. ശുദ്ധജലത്തിൽ കാണപ്പെടുന്ന, ‘നെഗ്ലേറിയ ഫൗലെറി’ (Naegleria fowleri) എന്നയിനം അമീബ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ അമീബയെ ‘മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ’ (brain-eating amoeba) എന്നും വിളിക്കാറുണ്ട്. സാധാരണയായി നദികൾ, തടാകങ്ങൾ, നീന്തൽക്കുളങ്ങൾ, ചൂടുനീരുറവകൾ തുടങ്ങിയ സ്ഥലങ്ങളിലെ ശുദ്ധജലത്തിലാണ് ഇവ കാണപ്പെടുന്നത്.

രോഗം എങ്ങനെ പകരുന്നു?

ഈ അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുമ്പോഴാണ് അണുബാധയുണ്ടാകുന്നത്. ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (Primary Amebic Meningoencephalitis-PAM) എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല.

രോഗലക്ഷണങ്ങൾ

അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 1 മുതൽ 12 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

കടുത്ത തലവേദന

പനി

ഛർദ്ദി

കഴുത്ത് വേദന

ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്

കോച്ചിപ്പിടിത്തം (seizures)

രോഗം അതിവേഗം ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്യാം. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

Related Articles

Latest Articles