വാഷിംഗ്‌ടൺ ഡി സി :രാജ്യദ്രോഹ കുറ്റം ചുമത്തി മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ കൽ തുറങ്കിൽ അടച്ച ഇസ്‌കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസിൻ്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചിന്മയ് കൃഷ്ണദാസിന്റെ മോചനത്തിനായും
ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങളിൽ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനായും ഇടപെടണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ച് അമേരിക്കയിലെ ബംഗ്ലാദേശ് ഹിന്ദുക്കൾ. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡൊണാൾഡ് ട്രമ്പിന് മെമ്മോറാണ്ടം സമർപ്പിച്ചു.
ഇസ്ലാമിസ്റ്റ് ശക്തികളിൽ നിന്ന് ന്യൂനപക്ഷങ്ങൾക്ക് സമാനതകളില്ലാത്ത അസ്തിത്വ ഭീഷണി നേരിടുന്നു എന്നാണ് അമേരിക്കയിലെ ബംഗ്ലാദേശി സമൂഹം ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ട്രമ്പിന് നൽകിയ മെമ്മോറാണ്ടത്തിൽ, ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും നേരിടുന്ന ഭീഷണികൾ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഉൾപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ബംഗ്ളാദേശ് ഇടക്കാല സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയിരിക്കുന്ന ഇസ്‌കോൺ സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ ഉടൻ മോചിപ്പിക്കണമെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിലാണ് (ബിഎച്ച്ബിസിഒപി) ട്രംപിനോട് അഭ്യർത്ഥിച്ചത്. ബംഗ്ലാദേശിൽ നടക്കുന്ന സംഭവവികാസങ്ങളിൽ ട്രംപ് പരസ്യമായി താൽപര്യം പ്രകടിപ്പിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യൂനസ് സർക്കാരിനെ ട്രംപ് വിമർശിച്ചിരുന്നു.
“ബംഗ്ലാദേശിൽ ജനക്കൂട്ടം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരായ ക്രൂരമായ അക്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു, രാജ്യം മൊത്തം അരാജകത്വത്തിൽ തുടരുന്നു,” -ട്രംപ് കഴിഞ്ഞ മാസം ദീപാവലി സന്ദേശത്തിൽ പറഞ്ഞു.
നവംബർ 25 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ദാസ് അറസ്റ്റിലായത്. രാജ്യത്തിൻ്റെ പതാകയെ അനാദരിച്ചു എന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനാൽ അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചിറ്റഗോങ്ങിലെ ഒരു കോടതി അദ്ദേഹത്തെ ജയിലിലേക്ക് അയച്ചു. ജനുവരി രണ്ടിനാണ് കേസിൽ അടുത്ത വാദം കേൾക്കൽ.
ബംഗ്ലാദേശിൻ്റെ ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് ഒക്ടോബറിൽ ചിറ്റഗോംഗ് നഗരത്തിൽ ഒരു വലിയ റാലി നയിച്ചതിന് ദാസിനെതിരെ കേസെടുത്തിരുന്നു.

