ബംഗളുരു: ബിജെപിക്ക് മേൽക്കൈയുള്ള എക്സിറ്റ് പോൾ ഫലങ്ങൾക്കു പിന്നാലെ കർണാടക കോണ്‍ഗ്രസിൽ പൊട്ടിത്തെറി രൂക്ഷം. കോണ്‍ഗ്രസ് നേതൃത്വത്തിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനുമെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് റോഷൻ ബെയ്ഗ് രംഗത്തെത്തിയതോടെയാണ് കർണാടക കോൺഗ്രസിലെ പടലപ്പിണക്കം മറനീക്കി പുറത്തായത്.
കെ സി വേണുഗോപാൽ വെറും കോമാളിയാണെന്ന് പറഞ്ഞ ബെയ്ഗ് തന്റെ നേതാവായ രാഹുൽ ഗാന്ധിയുടെ ഭാവിയിൽ ആശങ്കയും രേഖപ്പെടുത്തി. വേണുഗോപാലിനെപ്പോലുള്ള കോമാളിയും, ധിക്കാരിയായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുന്പോൾ തെരഞ്ഞെടുപ്പ് ഫലം ഇതു തന്നെയായിരിക്കും ബെയ്ഗ് കുറ്റപ്പെടുത്തുന്നു.
ക്രിസ്ത്യൻ വിഭാഗത്തിന് ഒരു സീറ്റുപോലും നൽകാതെയും മുസ്ലിം വിഭാഗത്തിന് ഒരു സീറ്റ് മാത്രം നൽകിയും കോൺഗ്രസ് അവരെ പൂർണമായും അവഗണിച്ചു. അവർ പൂർണമായും നമ്മെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും ബെയ്ഗ് കൂട്ടിച്ചേർത്തു.

