ദില്ലി: പ്രതിപക്ഷ നേതൃപദവി അവകാശപ്പെടാൻ 55 സീറ്റ് വേണമെന്നിരിക്കെ 52 സീറ്റുള്ള കോൺഗ്രസ്സിന് പ്രതിപക്ഷ നേതൃപദവിക്ക് അവകാശവാദം ഉന്നയിക്കാമെന്ന് വിദഗ്ധർ. 1977ൽ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാമെന്ന് നിര്‍ദേശിക്കുന്നുണ്ട്, ഇതാണ് ഇപ്പോൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിയാകാൻ നടന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കിട്ടാത്തത്ര ദയനീയ അവസ്ഥയിലാണ് ഇപ്പോൾ കോണ്‍ഗ്രസ്.
ഒന്നാം ലോക്സഭാ സ്പീക്കറായിരുന്ന ജിവി മാവങ്കറുടെ റൂളിംഗ് പ്രകാരം സഭയുടെ ആകെ അംഗസഖ്യയുടെ പത്ത് ശതമാനമുണ്ടെങ്കിൽ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടൂ. അതായത് 543 അംഗ ലോക്സഭയിൽ 55 അംഗങ്ങള്‍ വേണം. 2014 ൽ 44 എംപിമാര്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ പത്തു ശതമാനം അംഗബലമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ തള്ളി.
1984 ൽ ഒഴികെ 55 പേരുടെ അംഗബലം ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിട്ടില്ല. ഈ ചരിത്രവും ഇപ്പോൾ കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്നുണ്ട്. ലോക്പാൽ, കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍, സിബിഐ മേധാവി തുടങ്ങിയവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവും അംഗമാണ്. അതുകൊണ്ട് പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

