Wednesday, January 7, 2026

കോൺഗ്രസിന് ഭാവിയില്ല ! രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇനിയും തുടരുന്നത് ആന മണ്ടത്തരം ; എ.കെ ആൻ്റണിയുടെയും കെ കരുണാകരൻ്റെയും മക്കൾ ബിജെപിയിൽ ചേരുന്നത് ഈ തിരിച്ചറിവ് മൂലമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഗ്രസിലെ തമ്മിലടിയും തൊഴുത്തിൽ കുത്തും അഴിമതിയിലും മനം മടുത്താണ് പത്മജ വേണുഗോപാൽ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്ക് ഭാവിയുള്ളതെന്ന തിരിച്ചറിവ് പത്മജയ്ക്കുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസ് കുടുംബത്തിൽ ജനിച്ചു വളർന്ന് കോൺഗ്രസിനെ അടുത്തറിഞ്ഞ ആളാണ് പത്മജ വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇനിയും തുടരുന്നത് ആന മണ്ടത്തരമാണെന്ന തിരിച്ചറിവ് അവർക്കുണ്ട്. എ.കെ ആൻ്റണിയുടെയും കെ കരുണാകരൻ്റെയും മാധവറാവു സിന്ധ്യയുടെയും ജിതേന്ദ്രപ്രസാദിൻ്റെയും മക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനർത്ഥം കോൺഗ്രസിന് ഭാവിയില്ലെന്നാണെന്നും വി മുരളീധരൻ തുറന്നടിച്ചു.

അതേസമയം, കോൺഗ്രസ് ആശയങ്ങൾ കാലഹരണപ്പെട്ടിരിക്കുകയാണ്. വികസനത്തിന് മോദിയുടെ നേതൃത്വം അനിവാര്യമാണെന്ന് മനസ്സിലാക്കി, ഏത് പാർട്ടിയിൽ നിന്ന് ആരു വന്നാലും സർവ്വാത്മനാ സ്വാഗതം ചെയ്യുമെന്നും വി മുരളീധരൻ പറഞ്ഞു. കൂടാതെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ സീറ്റ് രണ്ടക്കം ആയിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞത് വെറുതെയല്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles