ബംഗളൂരു:കര്‍ണാടകയില്‍ ബിജെപി എംഎൽഎയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്.
കർണാടക ബിജെപി എംഎൽഎ എസ് ആർ വിശ്വനാഥനെ കൊലപ്പെടുത്താനാണ് കോൺഗ്രസ് പ്രവർത്തകൻ പദ്ധതിയിട്ടത്. ബംഗളൂരു യെലഹങ്ക നിയോജക മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ഗോപാലകൃഷ്ണന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
ബിജെപി നേതാവിനെ കൊലപ്പെടുത്താൻ മറ്റൊരാളുമായി ഗൂഢാലോചന നടത്തുന്ന മൂന്ന് മിനിറ്റ് വീഡിയോയാണിത്. ഗോപാല്‍കൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
‘അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഒക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമുക്കിടയില്‍ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്’ എന്നും ഗോപാല്‍കൃഷ്ണ വീഡിയോയില്‍ പറയുന്നു. കന്നടയിലാണ് കൊലപാതകം സംബന്ധിച്ച ഇരുവരുടെയും ചര്‍ച്ച. അതേസമയം വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
എന്നാൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത് പ്രചരിച്ചതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജനനേന്ദ്ര അറിയിച്ചു.
‘വിശ്വനാഥനുമായി സംസാരിച്ചിരുന്നു എന്നും ഈ വിഷയം പോലീസ് വിശദമായി അന്വേഷിക്കുമെന്നും ബിജെപി നേതാവിന് സുരക്ഷ ഏർപ്പെടുത്താനുള്ള സജ്ജീകരണങ്ങൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.


