Friday, May 3, 2024
spot_img

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ എത്തിയത് മുഖ്യമന്ത്രിയെ വധിക്കാൻ; എഫ്.ഐ.ആർ പുറത്ത്

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം നടക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ എത്തിയത് മുഖ്യമന്ത്രിയെ വധിക്കാനെന്ന് എഫ്.ഐ.ആർ. മുഖ്യമന്ത്രിയെ ആക്രമിക്കാനും, കൊലപ്പെടുത്താനും പ്രതികൾ ഗൂഢാലോചന നടത്തി. തടയാൻ ശ്രമിച്ച ഗൺമാൻ അനിൽ കുമാറിനെ ദേഹോപദ്രവവം ചെയ്തുവെന്നും, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കെതിരായ എഫ്.ഐ.ആറിൻ്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.

കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്. മർദനമേറ്റെന്ന് പരാതിപ്പെട്ട രണ്ടു പ്രതികൾ മെഡിക്കൽ കോളജിൽ പൊലീസ് കാവലിൽ ചികിത്സയിൽ തുടരുകയാണ്.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് കണ്ണുരിൽ നിന്നു തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്.

Related Articles

Latest Articles