Saturday, November 21, 2026

2027 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് 24 സീറ്റുകൾ മാത്രം നൽകാൻ സമാജ്‌വാദി പാർട്ടിയുടെ നീക്കം, 181 സീറ്റെന്ന ആവശ്യത്തിൽ തർക്കം

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ 24 സീറ്റുകൾ മാത്രം നൽകാനാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 403 അംഗ നിയമസഭയിൽ 181 സീറ്റുകൾ വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് നേർവിപരീതമാണ് ഈ നിർദേശം. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഈ പ്രകടനവും 20,000ത്തിലധികം വോട്ടുകൾ നേടിയ മണ്ഡലങ്ങളുമാണ് സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടി പരിഗണിക്കുന്നതെന്നാണ് വിവരം.

സിറ്റിങ് എംഎൽഎമാരുള്ള മണ്ഡലങ്ങൾ വിട്ടുനൽകാൻ സമാജ്‌വാദി പാർട്ടി തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ. 2022ൽ കോൺഗ്രസ് 20,000ത്തിലധികം വോട്ടുകൾ നേടിയ 21 മണ്ഡലങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പരിഗണനയെന്നും 20,000 വോട്ടിനടുത്തെത്തിയ നാല് മണ്ഡലങ്ങൾ കൂടി ചർച്ചകളിൽ ഉൾപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. അതേസമയം, കോൺഗ്രസിന്റെ 181 സീറ്റെന്ന ആവശ്യവും സമാജ്‌വാദി പാർട്ടിയുടെ 24 സീറ്റെന്ന നിർദേശവും തമ്മിലുള്ള വലിയ അന്തരം സഖ്യചർച്ചകളിൽ വെല്ലുവിളിയാകുകയാണ്. ഇരു പാർട്ടികളും സഖ്യം തുടരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമ സീറ്റ് വിഭജനത്തിൽ ഇതുവരെ ധാരണയായിട്ടില്ല.

Related Articles

Latest Articles