ഷില്ലോങ് : മേഘാലയയിൽ സർക്കാർ രൂപീകരിക്കുന്നതിനു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ എൻപിപി യുടെ കപ്പിത്താൻ കോൺറാഡ് സാങ്മയെ ക്ഷണിച്ച് ഗവർണർ. ചൊവ്വാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. 32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സാങ്മ അറിയിച്ചിരുന്നു.
എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയെങ്കിലും ഇരുകക്ഷികളും സ്വാതന്ത്രരായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻപിപി ജയിച്ചത്; ബിജെപി രണ്ടെണ്ണത്തിലും അനുകൂല ജനവിധി നേടി. യുഡിപി 11 സീറ്റിലും വോയ്സ് ഓഫ് ദ പീപ്പിൾസ് പാർട്ടി 4 സീറ്റിലും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടും 2 വീതം സീറ്റിലും ജയിച്ചു. നാഗാലാൻഡിൽ നെയ്ഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും.

