Thursday, October 1, 2026

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിന് മോദി നേരിട്ടെത്തും; ത്രിപുരയിൽ ബിജെപി സർക്കാരും നാഗാലാൻഡിലും മേഘാലയയിലും ബിജെപി സഖ്യ സർക്കാരും അധികാരത്തിൽ വരും

ദില്ലി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു പിന്നാലെ സർ‌ക്കാർ രൂപീകരണവും ആഘോഷമാക്കാനുറപ്പിച്ച് ബിജെപി നേതൃത്വം. ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുമെന്നറിയിച്ചു. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7നും ത്രിപുരയിൽ 8നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

നാഗാലാൻഡിലും മേഘാലയയിലും ബിജെപി ഉൾപ്പെടുന്ന സഖ്യ സർക്കാരും ത്രിപുരയിൽ ബിജെപി സർക്കാരുമാണ് അധികാരത്തിൽ വരുക.

ത്രിപുരയിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ഭരണവിരുദ്ധ വികാരങ്ങളെയും സിപിഎം കോൺഗ്രസ് സഖ്യത്തെയും തകർത്തെറിഞ്ഞാണ് 60 അംഗ സഭയിൽ മിന്നുന്ന വിജയത്തോടെ 32 സീറ്റ് നേടി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ഒരു സീറ്റിലാണ് വിജയിച്ചത്.

മേഘാലയയിൽ തിരഞ്ഞെടുപ്പിനുശേഷം വീണ്ടും ഒത്തുചേർന്നാണ് എൻപിപി–ബിജെപി സഖ്യം ഭരണത്തുടർച്ച നേടിയിരിക്കുന്നത്. എൻപിപി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്കു രണ്ടു സീറ്റാണുള്ളത്.

നാഗാലാൻഡിൽ 60 അംഗ സഭയിൽ എൻഡിപിപി-ബിജെപി സഖ്യം 37 സീറ്റിൽ വിജയിച്ചാണു ഭരണത്തുടർച്ച നേടിയത്. എ‍ൻഡിപിപി 25 സീറ്റും ബിജെപി 12 സീറ്റും നേടി.

Related Articles

Latest Articles