Thursday, May 16, 2024
spot_img

മോഷ്ടിച്ചത് 1,859 രൂപ , പൊലീസിനെ ഭയന്ന് കാട്ടിലെ ഗുഹയിൽ നഷ്ടപ്പെടുത്തിയത് ആയുസിലെ 14 വർഷങ്ങൾ !!

ഹുബെയ് : പൊലീസിനെ ഭയന്ന് കള്ളൻ കാട്ടിലെ ഗുഹയിൽ നഷ്ടപ്പെടുത്തിയത് ആയുസിലെ 14 വർഷങ്ങൾ . ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നാണ് അവിശ്വസനീയമായ ഈ റിപ്പോർട്ട് പുറത്തു വരുന്നത്. ലിയു മൗഫു എന്നയാളാണ് നീണ്ട 14 വർഷക്കാലം പൊലീസിനെ ഭയന്ന് ഗുഹയില്‍ ഒളിച്ചത്. 2009 ലാണ് ലിയു 30 വയസുകാരനായ മൗഫുവും ബന്ധുവും സുഹൃത്തും ചേർന്ന് 1859 രൂപയ്ക്ക് സമമായ 156 യുവാന്‍ മോഷ്ടിച്ചത്. മോഷ്ടിച്ചെടുത്ത ഈ ചെറിയ തുകയിൽ നിന്നും 715 രൂപ ഇവർ ഭക്ഷണം വാങ്ങിക്കാനും പടക്കങ്ങൾ വാങ്ങിക്കാനുമായി ഉപയോഗിച്ചു. മിച്ചം വന്ന തുക മൂന്നുപേരും തുല്യമായി വീതിച്ചെടുത്തു.

തുക ചെറുതാണെങ്കിലും അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയപ്പോൾ അധികം വൈകാതെ ലിയു മൗഫുവിന്‍റെ കൂട്ടാളികൾ പിടിയിലായി . തന്നെയും അന്വേഷിച്ച് പോലീസ് എത്തുമെന്ന് മനസിലായതോടെ ലിയു മുങ്ങി. ജനവാസ മേഖലയിൽനിന്നും ഏകദേശം 10 കിലോമീറ്റർ അകലെ കാടിനുള്ളിലെ ഗുഹയിൽ താമസം തുടങ്ങി. കാട്ടുമൃഗങ്ങൾ ജീവന് ഭീഷണിയാകും എന്നതു കൊണ്ട് തെരുവ് നായ്ക്കളെ ഇണക്കി വളർത്തി. നാട്ടിൽനിന്നു‌ പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണ സാധനങ്ങളും മോഷ്ടിച്ച് ഗുഹയിൽ എത്തിച്ചാണ് വിശപ്പടക്കിയത്.

ഒളിവിലാണെങ്കിലും കുടുംബത്തെ മറക്കാൻ ഇയാൾക്കാകുമായിരുന്നില്ല. നാട്ടിലെ പ്രധാന ചടങ്ങുകളും ഉത്സവങ്ങളും മറ്റും നടക്കുന്ന സമയത്ത് കുടുംബത്തെ കാണാനും ഇയാൾ ആരും കാണാതെ ഗുഹയില്‍നിന്നു പുറത്തെത്തിയിരുന്നു. എന്നാൽ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറയുന്നത് പോലെ ,അടുത്തിടെ വീട്ടിലെത്തിയ ലിയു മൗഫുവിനെ നാട്ടുകാര്‍ കാണുകയും തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അന്വേഷണത്തിനൊടുവില്‍ ലിയുവിനെ ഗുഹയില്‍ നിന്നാണ് പിടികൂടിയത്.

Related Articles

Latest Articles