Monday, May 20, 2024
spot_img

അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമർപ്പിക്കും

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമർപ്പിക്കും. ഇന്ന് വൈകുന്നേരം 5.30ന് ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രിയും ഭരണസമിതി അംഗങ്ങളും ചേർന്ന് രാമതീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്ക് ഓണവില്ല് കൈമാറും.

നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളത്തെ പാവക്കുളം ക്ഷേത്രത്തിലേക്കാണ് ഓണവില്ല് കൊണ്ടുപോവുക. ജനുവരി 21ന് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം ഓണവില്ല് അയോദ്ധ്യയിലെത്തിക്കും. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിനത്തിലാണ് ഓണവില്ല് സമർപ്പിക്കാറുള്ളത്. വഞ്ചിയുടെ ആകൃതിയില്‍ തടിയിലാണ് ഓണവില്ലുണ്ടാക്കുന്നത്. കടമ്പ്, മഹാഗണി തുടങ്ങിയ മരത്തടികളിലാണ് നിർമാണം. ഇതിൽ ദശാവതാരവും ശ്രീരാമപട്ടാഭിഷേകവും അനന്തശയനവും വരച്ചു ചേര്‍ക്കാറുണ്ട്. ആറു ജോഡി വില്ലുകളാണ് ചാർത്തുക.

ജനുവരി 22നാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുക. ഉച്ചയ്ക്ക് 12.15 നും 12.45 നും ഇടയിലാണ് ‘ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു

Related Articles

Latest Articles