ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയില്‍ ചതുപ്പിനുള്ളിൽ കണ്ടെത്തിത് മൂന്ന് മാസം മുൻപ് കാണാതായ കെട്ടിട നിർമാണ തൊഴിലാളിയുടെ മൃതദേഹം. മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞതായി അറിയിച്ചു.
ഒക്ടോബർ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ചതുപ്പിനുള്ളില്‍ കണ്ടെത്തിയത്. ആദ്യം ആരുടേതാണ് മൃതദേഹമെന്ന് വ്യക്തമായില്ലെങ്കിലും പോലീസ് അന്വേഷണം തുടങ്ങി അധികം വൈകാതെ തന്നെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. സേവ്യറിനെ കാണാതായതു മുതൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവികത തോന്നിയ തൃക്കുന്നപ്പുഴ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ചതുപ്പു വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സേവ്യറിന്‍റെ മൃതദേഹം കണ്ടെത്തുന്നുത്. തുടർന്ന് വസ്ത്രവും മറ്റും പരിശോധിച്ച് മൃതദേഹം കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളി സേവ്യറിന്‍റേത് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിർമ്മാണ ജോലികൾക്കായി വന്നതായിരുന്നു സേവ്യർ. ഇതിനു ശേഷം ഇയാള്‍ എവിടെ പോയെന്ന് ഒപ്പം ജോലി ചെയ്തവരോ, കോൺട്രാക്ടറോ വ്യക്തമായ മറുപടി നൽകാതെ വന്നതോടെ സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിക്കുകയായിരുന്നു.
കാണാതായെന്ന് രാത്രിമുതൽ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. കന്യാകുമാരിയിൽ നിന്ന് സേവ്യറിന്‍റെ ഭാര്യ സുജയടക്കമുള്ള കുടുംബാംഗങ്ങൾ നേരിട്ടെത്തി പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും സേവ്യറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അതേസമയം അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയും കുടുംബം ഉന്നയിച്ചിരുന്നു. സേവ്യറിനെ തട്ടിക്കൊണ്ടു പോയതിനോ കൊലപ്പെടുത്തിയതിനോ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. കാണാതായ പണി സ്ഥലത്തോട് ചേർന്ന ചതുപ്പ് പ്രദേശത്തുനിന്നാണ് ഇപ്പോൾ മൃതദേഹം കിട്ടിയത്. ഇതോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൃതദേഹത്തിൻറെ ശാസ്ത്രീയ പരിശോധനയും പൊലീസ് തുടങ്ങിയിട്ടുണ്ട്. കൊലപാതക സാധ്യത ഉൾപ്പെടെയാണ് അന്വേഷിക്കുന്നതെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയതോടെ സേവ്യറിന്റെ മരണത്തിൽ നിഗൂഢത ഏറുകയാണ്.

