പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് ലോകരാജ്യങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മാലിദ്വീപ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രാജിവെയ്ക്കണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷ എം.പി അലി അസീം മുന്നോട്ട് വന്നു. സംഭവത്തിൽ എത്രയും വേഗം മാലിദ്വീപ് വിദേശകാര്യമന്ത്രി മൂസാ സമീറിനോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്ന് മറ്റൊരു പ്രതിപക്ഷ എം.പി മീഖെയ്‌ലും ആവശ്യപ്പെട്ടു. ഭാരതത്തിൽ നിന്നുള്ള സഞ്ചാരികള്‍ മാലിദ്വീപ് ബഹിഷ്‌കരിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്തിന്റെ ടൂറിസത്തിനും അതുവഴി സമ്പദ് വ്യവസ്ഥയ്ക്കുമേല്‍ക്കുന്ന കനത്ത ആഘാതമായിരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് മാലിദ്വീപിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ എം.ഡി.പി.
അടിയന്തരഘട്ടങ്ങളില്‍ സഹായം നല്‍കുന്ന രാജ്യമാണ് ഭാരതമെന്നും വര്‍ഷങ്ങളായുളള ബന്ധത്തിനാണ് മോദിക്കെതിരായ പരാമര്‍ശത്തിലൂടെ കോട്ടം തട്ടിയതെന്നും എംഡിപി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ മറിയ അഹമ്മദ് ദീദി പറഞ്ഞു. നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും വിഷയം മയപ്പെട്ടിട്ടില്ല. മാലിദ്വീപിന് പകരം ഇന്ത്യയിലെ ലക്ഷദ്വീപിനെ പരിപോഷിപ്പിക്കണം എന്ന ആഹ്വാനവുമായി നിരവധി കായിക താരങ്ങളും സിനിമാ താരങ്ങളും രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ ഇസ്രയേലും ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നു. ഇതോടെ വിഷയം കൈവിട്ട് പോകുമെന്ന് മനസിലായതോടെ മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു അടിയന്തിരമായി ഇന്ത്യ സന്ദർശിക്കാൻ അനുമതി തേടിയിരിക്കുകയാണ്.

