കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ പൊലീസുകാരെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കാള്‍ക്കെതിരെ നിസാര കുറ്റം ചുമത്തി പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം. ജാമ്യത്തിലിറങ്ങിയ പ്രതികളെ ജയിലിന് മുന്നില്‍ വച്ച് ഡിവൈഎഫ്ഐ നേതാക്കാള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. പരിക്കേറ്റ പൊലീസുകാര്‍ ഇപ്പോഴും ചികിത്സയിലാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പുനലൂരിൽ നിന്ന് കാറിൽ അമിത വേഗതയിൽ അപകട ഭീതിയുണ്ടാക്കി വരികയായിരുന്ന സംഘത്തെ പട്രാളിംഗ് നടത്തുകയായിരുന്ന പൊലീസ് തടഞ്ഞു.കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി പൊലീസിനെ ആക്രമിച്ചു. നാട്ടുകാര്‍ കൂടിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.അക്രമത്തില്‍ കൊട്ടാരക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജിത്ത്, എംഎസ് കരീം എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവര്‍ കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയിലാണ്.

അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ വെട്ടിക്കവല സ്വദേശി അഭിലാഷ്, വിഷ്ണു, നന്ദു, രാജേഷ് എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് ജാമ്യം ലഭിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ഭംഗം വരുത്തിയിതിന് കേസെടുത്തില്ല. വൻ സ്വീകരണമാണ് പ്രതികള്‍ക്ക് ഡിവൈഎഫ്ഐ നേതാക്കാള്‍ ഏര്‍പ്പെടുത്തിയത്. പ്രവര്‍ത്തകര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ഡിവൈഎഫ്ഐ അറിയിച്ചു.