Tuesday, October 6, 2026

സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിവരുന്ന സ്വര്‍ണ്ണക്കടത്തുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി വിവരം. മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് ഡിആര്‍ഡിഐയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംഘം പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന.

അതേസമയം ഇടനിലക്കാരനായ ബിജു മനോഹരനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ബിജുവുമായി ബന്ധമുള്ള കഴക്കൂട്ടം സ്വദേശിനിയായ സ്ത്രീയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് സുഹൃത്തുക്കളെയാണ് ബിജു ഉപയോഗിച്ചിരുന്നത്. പിടിക്കപ്പെടില്ലെന്ന് വിശ്വസിപ്പിച്ച് വിസിറ്റിംഗ് വിസയിലായിരുന്നു കടത്ത്. വലിയൊരു സംഘം തന്നെ ബിജുവിന് വേണ്ടി സ്വര്‍ണം കടത്തിയതായി ഡി ആര്‍ ഐക്ക് വ്യക്തമായി.

സ്വര്‍ണക്കടത്തിന് പിടിയിലായ സെറീന വഴിയും ഈ സംഘം ആള്‍ക്കാരെ സ്വാധീനിച്ചിരുന്നു. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങളും ഡി ആര്‍ ഐക്ക് ലഭിച്ചു. സംസ്ഥാനത്തെ ചില ജ്വല്ലറികള്‍ കേന്ദ്രീകരിച്ചാണ് അഭിഭാഷകനായ ബിജു മനോഹരന്‍ സ്വര്‍ണ ഇടപാട് നടത്തിയിരുന്നതെന്നാണ് ഡി ആര്‍ ഐയുടെ കണ്ടെത്തല്‍.

Related Articles

Latest Articles