വാഷിംഗ്ടൺ: ലോകരാഷ്ട്രങ്ങൾക്കിടയിൽ തന്നെ വളരെയധികം ആശങ്കയുയർത്തിയതായിരുന്നു കോവിഡിന്റെ തുടരെത്തുടരെയുളള വകഭേദമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കാനുള്ള പഠനത്തിലായിരുന്നു ലോകരാഷ്ട്രങ്ങൾ. ഇപ്പോഴിതാ ഒരു ആശ്വാസവാർത്ത പുറത്തുവന്നിരിക്കുകയാണ്. ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യൻ കോവിഡ് വാക്‌സിനായ കോവാക്‌സിൻ, കോവിഡ് ഡെൽറ്റ, ആൽഫ വകഭേദങ്ങളിലും ഫലപ്രദമാണെന്നാണ് അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പരീക്ഷണങ്ങളിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.
കോവാക്സിൻ സ്വീകരിച്ചവരുടെ ബ്ലഡ് സെറം ഉപയോഗിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനങ്ങളിലാണ് ആശ്വാസം തരുന്ന പുതിയ കണ്ടെത്തൽ. ഈ പഠനങ്ങൾ അനുസരിച്ച് കോവാക്സിൻ സ്വീകരിച്ച ആളുകളുടെ ശരീരത്തിൽ B.1.1.7 (ആൽഫ), B.1.617 (ഡെൽറ്റ) എന്നീ കോവിഡ് വകഭേദങ്ങൾക്കെതിരായ ആന്‍റിബോഡികൾ ഉണ്ടാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മുമ്പ് പലതവണ ഇന്ത്യയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മാത്രവുമല്ല, കോവാക്സിൻ വികസിപ്പിച്ചെടുക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഫണ്ടുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ആഡ്‌ജുവന്‍റും സഹായിച്ചിരുന്നു. ഇതുവരെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 മില്യൺ ആളുകൾ കോവാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

