ലക്നൗ: ജനുവരി 15വരെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പത്താം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചിടാന്‍ തീരുമാനമായത്. രാത്രി കര്‍ഫ്യൂവിന്റെ സമയം രണ്ടു മണിക്കൂര്‍ കൂടി നീട്ടുകയും ചെയ്തു.
രോഗികളുടെ എണ്ണം 1000 കവിയുന്ന ജില്ലകളില്‍ വിവാഹ ചടങ്ങുകളിലും മറ്റ് പരിപാടികളിലും 100ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. പൊതു സ്ഥലങ്ങളായ ജിമ്മുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയില്‍ 50ശതമാനം ആളുകളെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. വ്യാഴാഴ്ച മുതല്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇതുവരെ സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം കൗമാരക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിച്ചുവെന്നും, നിലവില്‍ പരിഭ്രാന്തരാകുന്നതിന് പകരം ജാഗ്രതയാണ് വേണ്ടതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതോടൊപ്പം മാസ്ക് ധരിക്കാനും വാക്സിന്‍ എടുക്കാനും സാമൂഹിക അകലം പാലിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കണം. ഇതാണ് ഏറ്റവും നല്ല പ്രഥമശുശ്രൂഷ എന്നും അദ്ദേഹം പറഞ്ഞു.

