ദില്ലി: കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ വീണ്ടുമൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജ്യം . ആറ് മണിക്കൂറിനുള്ളിൽ ഒരു കോടി ആളുകൾക്കാണ് വാക്‌സിൻ നൽകിയത്. കേന്ദ്ര സർക്കാരാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത് .
ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. ഇന്നലെ വരെ 77.24 കോടി ആളുകളാണ് രാജ്യത്തൊട്ടാകെ വാക്‌സിൻ സ്വീകരിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ഒന്നര കോടി വാക്‌സിനേഷനുകൾ നൽകാനാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവർ വ്യാഴാഴ്ച തന്നെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും, വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാൽ അതാകും പ്രധാനമന്ത്രിയ്‌ക്ക് നൽകാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിരുന്നു.
മാത്രമല്ല മെഗാ വാക്‌സിന് ക്യാംപെയ്‌ന് പുറമെ രാജ്യത്ത് ഉടനീളം പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 14 കോടി കിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതൽ പ്രധാനമന്ത്രി പദം വരെ എത്തിനിൽക്കുന്ന നേതൃപാടവത്തിന്റെ 20-ാം വർഷം പൂർത്തിയാകലും പിറന്നാളിനൊപ്പം ബിജെപിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നുണ്ട്.
സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിൽ 20 ദിവസം നീണ്ടു നിൽക്കുന്നതാണ് ഈ പരിപാടി. കൂടാതെ ഉത്തർപ്രദേശിൽ ഗംഗാനദിയിൽ 71 ഇടങ്ങളിൽ ശുചീകരണം നടത്തുന്നുണ്ട്. ബൂത്ത് തലത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് അഞ്ച് കോടി പോസ്റ്റ്കാർഡുകൾ അയക്കുമെന്ന് ബിജെപി നേരത്തെ തന്നെ അറിയിച്ചിരുന്നു.

