Monday, May 20, 2024
spot_img

ഒമിക്രോണ്‍ ഭീഷണി: നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിര്‍ദ്ദേശം

ദില്ലി: ഒമിക്രോണ്‍ ആശങ്ക വര്‍ദ്ധിക്കുന്നതിനിടെ കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദേശം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിൻ്റെ നിർദേശം.

ടിപിആര്‍ ഉയര്‍ന്ന നിലയിലുള്ള ഇന്ത്യയുടെ ഇരുപത്തിയേഴ് ജില്ലകളില്‍ കേരളത്തിലെ ഒന്‍പത് ജില്ലകളും ഉള്‍പ്പെടുന്നു. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

അതേസമയം, ദില്ലിയിൽ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസടക്കം രാജ്യത്ത് ഇതുവരെ മുപ്പത്തിമൂന്ന് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടരയ്ക്ക് അവലോകന യോഗം ചേരും. മാത്രമല്ല ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും മഹാരാഷ്ട്ര സ്വദേശികളാണ്. പതിനേഴ് പേരിലാണ് മഹാരാഷ്ട്രയില്‍ രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാജ്യത്തെ ഒമിക്രോൺ സാഹചര്യം വിലയിരുത്താൻ ഇന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം വി കെ പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ സംബന്ധിച്ച്‌ സര്‍ക്കാര്‍ ആലോചിക്കണമെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ജനങ്ങള്‍ മാസ്ക് ധരിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതിരിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related Articles

Latest Articles