ഇത് കേരളാ പോലീസോ? അതോ ബ്ലേഡ് മാഫിയയോ!!! | KERALA POLICE
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും അനാവശ്യ പിഴ ചുമത്തുന്നതുമായ ആരോപണം സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ നെഞ്ചത്താണ് പോലീസിന്റെ കോവിഡ് പ്രതിരോധം എന്ന പേരിലുള്ള കടന്നുകയറ്റം നടന്നുകൊണ്ടിരിക്കുന്നത്. ഒന്നോ, രണ്ടോ സംഭവമല്ല ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. നിരവധി സംഭവങ്ങളാണ്.
മഞ്ചേരിയില്‍ വാഹന സര്‍വീസ് നടത്തുന്ന ഡ്രൈവർ പ്രതിഷേധിക്കുന്ന തരത്തിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രം ഇതിനോടകംതന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അയാളുടെ കഴുത്ത് നിറയെ ചുവന്ന റസീപ്റ്റുകളാണ്. ഇതുമുഴുവൻ അയാൾ പിഴ അടച്ച റസീപ്റ്റുകളാണ്. ഈ മനുഷ്യനും കിറ്റ് കിട്ടാറുണ്ട് എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ചെങ്കല്‍ വാഹന സര്‍വീസിന് മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ വഴിനീളെ ചെക്കിംഗും പിഴയും ഈടാക്കുന്നതായി കാണിക്കുന്ന ബോര്‍ഡും ചിത്രത്തിലെ തൊഴിലാളിയുടെ കെെയില്‍ ഉണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
വേറെയും ഒട്ടനവധി സംഭവങ്ങളുണ്ട്. കോവിഡിനെ പിടിച്ചു കെട്ടുന്ന ഉത്തമമായ കേരള മോഡലിൽ പാവം കർഷകനു നഷ്ടപ്പെട്ടത് ഒരു മാസത്തെ ലോൺ അടക്കാനുള്ളതിന്റെ പകുതിയോളം തുകയായിരുന്നു. മാസ്ക് വച്ച് പുല്ലരിയാൻ പോയ കർഷകൻ കോവിഡ് പരത്താൻ ശ്രമിച്ചു എന്നാരോപിച്ച് 2000 രൂപ പിഴ വിധിച്ചിരിക്കുകയാണ് കേരളാ പോലീസ്. കാസർകോട് ജില്ലയിലെ കോടോം- ബേലൂർ പഞ്ചായത്തിലായിരുന്നു സംഭവം. പുല്ല് പറിക്കാൻ ഒറ്റയ്ക്ക് പോയ നാരായണൻ എന്ന കർഷകനാണ് കനത്ത പിഴ വിധിച്ചത്.
അതേസമയം സംഭവത്തിൽ കർഷകൻ പ്രതികരിച്ചതിങ്ങനെ; പട്ടിണി കിടക്കുന്ന പശുവിന് പുല്ലരിഞ്ഞു കൊടുക്കുന്നത് കൊറോണ പരത്താനിടയാകുമെന്ന് തനിക്കറിയില്ലായിരുന്നു. ജനങ്ങൾ കൂട്ടം കൂടിയാൽ കൊറോണ പടരുമെന്ന് തനിക്കറിയാം, പക്ഷേ, പുല്ല് പറിക്കാൻ ഒറ്റയ്ക്ക് പോയാൽ കൊറോണ പടരുമെന്ന കാര്യം ആദ്യമായാണ് അറിഞ്ഞതെന്ന് നാരായണൻ പരിഹാസത്തോടെ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

