Friday, November 27, 2026

ചൈനയില്‍ കൊവിഡ് വ്യാപിക്കുന്നു: രാജ്യം വീണ്ടും ലോക്ക്ഡൗണിലേയ്ക്ക്

ബീജിങ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക്ഡൗൺ. വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ വൈറസ്​ ബാധ ഏഴു ദിവസത്തിനുള്ളിൽ 11 ഓളം പ്രവിശ്യകളിലേക്ക്​ പടർന്നതായി ചൈനയുടെ നാഷനൽ ഹെൽത്ത്​ കമ്മീഷൻ വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കമെന്ന നിലയിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ വീട് വിട്ട് ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി. ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 17 മുതല്‍ 198 കേസുകളാണ് ആകെ സ്ഥിരീകരിച്ചിരിക്കുന്നത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലേക്കുള്ള പ്രവേശനത്തിനും പുറത്ത് കടക്കിലിനും ഇവിടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. നഗരത്തിലെ ബസ്, ടാക്‌സി സേവനങ്ങളും ഇതിനോടകം നിര്‍ത്തിവച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ ഭീഷണിയായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം ചൈനയിൽ മൂന്നാംതരംഗം റിപ്പോർട്ട്​ ചെയ്​തിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles