Sunday, June 16, 2024
spot_img

പൊലീസ് റിപ്പോർട്ട് എതിരായതിനാൽ പാസ്പോർട്ട് നിഷേധിച്ചു; സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഡമാസ്കസ് യാത്ര അവതാളത്തിൽ

കൊച്ചി: പോലീസ് ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. എറണാകുളത്ത് നടന്ന സി പി ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് പോലീസ് ക്ലിയറൻസ് നിഷേധിച്ചത്.

ഡമാസ്‌കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പി രാജു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. നിലവിലെ പാസ്‌പോര്‍ട്ടിന്‍റെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കുന്നതിന് വേണ്ടിയാണ് പി രാജു അപേക്ഷ നല്‍കിയത്. ഈ സമയത്താണ് പോലീസ് ക്ലിയറന്‍സ് നിഷേധിച്ചത്.

എറണാകുളത്തെ കൊച്ചി റേഞ്ച് ഐ ജിയുടെ ഓഫീസിലേക്ക് സി പി ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേറ്റിരുന്നു. ഇതില്‍ പി രാജു, എല്‍ദോ എബ്രഹാം എം എല്‍ എ എന്നിവരടക്കമുള്ള സി പി ഐ നേതാക്കള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

അടുത്തമാസം എട്ടാം തിയതിയാണ് പി രാജുവിന് ദമാസ്‌കസിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടത്. ഇതിനായി ടിക്കറ്റടക്കം താന്‍ വാങ്ങിയെന്നും പോലീസ് ക്ലിയറന്‍സ് നല്കാന്‍ ഇടപെടണമെന്നും കാട്ടി പി രാജു ഹൈക്കോടതിയെ സമീപിച്ചു.

Related Articles

Latest Articles