Friday, May 24, 2024
spot_img

മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മലേഷ്യന്‍ പോലീസ്‌

ക്വലാലംപുര്‍: വർഗീയ പരാമർശം നടത്തിയതിന്‍റെ പേരിൽ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി മലേഷ്യൻ ഭരണകൂടം. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാൾ നൂറ് മടങ്ങ് കൂടുതൽ അവകാശങ്ങളുണ്ടെന്ന സാക്കിർ നായിക്കിന്‍റെ പരാമർശമാണ് നടപടിയിലേക്ക് വഴിവച്ചിരിക്കുന്നത്.

നേരത്തെ സാക്കിര്‍ നായിക്കിനെതിരെ രൂക്ഷവിമർശനവുമായി മലേഷ്യൻ മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി കുലശേഖരൻ രംഗത്തെത്തിയിരുന്നു. സാക്കിർ നായിക് മലേഷ്യൻ ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തും വിധം സംസാരിക്കുകയും മതവിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്‌തതായി അദ്ദേഹം ആരോപിച്ചു. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഡോ. മഹാതീർ മുഹമ്മദിനോടല്ല മറിച്ച് നരേന്ദ്ര മോദിയോടാണ് വിധേയത്വമെന്ന് നായിക്ക് പ്രസംഗിച്ചത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിഷയം വിവാദമായത്

ഈ രാജ്യത്ത് തുടരുന്നതിലൂടെ മുസ്ലീം സമുദായത്തിന്‍റെ പിന്തുണ നേടിയെടുക്കുന്നതിനാണ് നായിക് ശ്രമിക്കുന്നത്. പദവി നേടിയെടുക്കുന്നതിന് ബഹുമതസ്ഥർ താമസിക്കുന്ന രാജ്യത്ത് വിളളൽ ഉണ്ടാക്കാനാണ് ശ്രമമെന്നും ആരോപമുയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ മൂന്നു വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്ന സാക്കിറിനെതിരെ ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തി തുടങ്ങിയ കേസുകളാണുള്ളത്.

ഇന്ത്യയില്‍ വിവിധ കേസുകള്‍ നേരിടുന്ന സാക്കിറിനെ സുരക്ഷാ കാരണങ്ങള്‍ മൂലം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. മറ്റേത് രാജ്യത്തേക്കും സാക്കിറിനെ അയയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സാക്കീര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടന 2016-ല്‍ ഇന്ത്യ നിരോധിച്ചിരുന്നു. മതവിദ്വേഷം പടര്‍ത്താന്‍ സഹായം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.

Related Articles

Latest Articles