Friday, May 3, 2024
spot_img

“എറണാകുളം ജില്ലയിൽ നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കടുത്ത വിഭാഗീയതയുടെ രക്തസാക്ഷി!58 വർഷം പ്രവർത്തിച്ച എനിക്ക് നീതി നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായില്ല !” പാർട്ടിയെ കടന്നാക്രമിച്ച് സിപിഐ എറണാകുളം മുൻ ജനറൽ സെക്രട്ടറി പി. രാജു

ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജു.

എറണാകുളം ജില്ലയിൽ നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കടുത്ത വിഭാഗീയതയുടെ രക്തസാക്ഷിയാണ് താനെന്നും ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിച്ചതിൽ പിശകുണ്ടെന്ന് പറഞ്ഞ് കൃത്രിമമായി കണക്കുണ്ടാക്കി അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ ജില്ലാ നേതൃത്വം ചെയ്തതെന്നും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്ക് തന്നോടുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും 58 വർഷമായി പാർട്ടിക്കൊപ്പം നടന്ന തനിക്ക് നീതി ലഭിച്ചില്ലെന്നും പി.രാജു ആരോപിച്ചു.

“കമ്മ്യൂണിസ്റ്റ് പാർട്ടി എറണാകുളം ജില്ലയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ രക്തസാക്ഷിയാണ് ഞാൻ. ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിച്ചതിൽ പിശകുണ്ടെന്ന് പറഞ്ഞ് കൃത്രിമമായി കണക്കുണ്ടാക്കി അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ ജില്ലാ നേതൃത്വം ചെയ്തത്. ഇതിനെതിരായി ഞാൻ സംസ്ഥാന കമ്മിറ്റിക്ക് പരാതി കൊടുത്തിരുന്നു. അതന്വേഷിക്കാൻ വിദഗ്ദനായ ഒരാളെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ആ റിപ്പോർട്ടിലെ ഉള്ളടക്കം പരിശോധിക്കുന്നതിനു മുമ്പാണ് പഴയ തീരുമാനപ്രകാരമുള്ള നടപടി എന്റെ മേൽ സ്വീകരിച്ചത്. പാർട്ടിയിൽ നിന്നെനിക്ക് നീതി ലഭിച്ചിട്ടില്ല. 58 വർഷമായി ഞാൻ പാർട്ടി പ്രവർത്തകനാണ്. ഇത്രയും വർഷം പ്രവർത്തിച്ച എനിക്ക് നീതി നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായില്ല. കണക്കുകൾ പരിശോധിച്ച് എന്നെ ബോധ്യപ്പെടുത്തിയാൽ കുറ്റം അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയും അദ്ദേഹത്തിന്റെ മകനും എനിക്കെതിരായി ശക്തമായ നീക്കങ്ങൾ ജില്ലയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു ചിലരും അതിനൊപ്പം ചേർന്നതിന്റെ പരിസമാപ്തിയാണിത്. ഞാനും എന്‍റെ മകനും മാത്രം മതി എന്ന് പറയുന്ന പാർട്ടിയായി എറണാകുളത്തെ പാർട്ടി മാറിയിരിക്കുകയാണ്. അതിന് നേതൃത്വം നൽകുന്നയാളാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ.

പാർട്ടിയിൽ ജനാധിപത്യപരമായ ഒരഭിപ്രായം പ്രകടിപ്പിക്കപ്പെട്ടാൽ അത് പ്രകടിപ്പിച്ചവനെ ഇല്ലാതാക്കുക എന്നത് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയുടെ പ്രത്യേക കാഴ്ച്ചപ്പാടാണ്. ഈ നടപടി തെറ്റാണ്, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് എതിരാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെ പിടിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. പാർട്ടിയുടെ മണ്ഡലം സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, എൽ.സി സെക്രട്ടറി, ജില്ലാ സെക്രട്ടറി ഒക്കെയായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. ഒരു നയാപൈസ പോലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അലവൻസ് വാങ്ങാതെ സ്വന്തം അധ്വാനത്തിൽ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് പ്രവർത്തിച്ചിട്ടുള്ളത്. ആ എന്നെയാണ് സമൂഹമധ്യത്തിൽ ആക്ഷേപിക്കാനുള്ള നീക്കവുമായി ഇറങ്ങിയിരിക്കുന്നത്. തികച്ചും ജനാധിപത്യവിരുദ്ധമാണത്. അന്യായം കാണിക്കുന്നവരെയാണ് പാർട്ടിക്ക് ഇന്ന് ആവശ്യമെങ്കിൽ ദിനകരനെയും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന ചിലരെയും സംരക്ഷിക്കണം, ന്യായമാണ് ആഗ്രഹിക്കുന്നതെങ്കിൽ എന്നെപ്പോലുള്ളവരെ സംരക്ഷിക്കാൻ തയ്യാറാവണം. ഇപ്പോൽ ഞാൻ പാർട്ടിയിലെ സാധാരണ മെമ്പറാണ്. എനിക്കതിൽ പരാതിയില്ല. പാർട്ടി മെമ്പറായി തുടരും. പക്ഷേ, എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ അത് ലഭിക്കാനുള്ള മാർഗങ്ങൾ എനിക്ക് തേടേണ്ടി വരും”, പി. രാജു പറഞ്ഞു.

ഇന്നലെ നടന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് പി രാജുവിനെതിരെ നടപടിക്ക് തീരുമാനമെടുത്തത്. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ സിപിഐ പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles