Tuesday, September 22, 2026

മുഹമ്മദ് റിയാസിനെതിരെ എം എൽ എ മാരുടെ കൂട്ട വിമർശനം, തുടക്കമിട്ടത് ഷംസീർ; ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി മന്ത്രി.

തിരുവനന്തപുരം: പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ സി.പി.എം (CPM) നിയമസഭാ കക്ഷിയോഗത്തിൽ രൂക്ഷ വിമർശനം. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ സഭയിലെ പരാമർശത്തിന്റെ പേരിലായിരുന്നു മന്ത്രിക്കെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ വ്യാപക വിമർശനമുയർന്നത്.

നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു. എതിർപ്പ് ശക്തമായതോടെ പരാമർശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു.കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എം.എല്‍.എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന റിയാസിന്റെ പരാമര്‍ശത്തിനെതിരെയാണ് എം.എല്‍.എമാര്‍ രംഗത്തെത്തിയത്.

കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയിൽ നടത്തിയ പരാമർശമാണ് സിപിഎം എംഎല്‍എമാരെ ചൊടിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയിലെ മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് നിയമസഭാ കക്ഷി യോഗത്തിൽ എംഎല്‍എമാർ വിമര്‍ശിച്ചു.

Related Articles

Latest Articles