കണ്ണൂർ: കള്ളവോട്ടിനെത്തടർന്ന് റീപോളിംഗ് പുരോഗമിക്കവേ റീപോളിംഗിനെതിരെ ശബ്ദമുയർത്തി കള്ളവോട്ടിനെ നിസ്സാരവക്കരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി.ജയരാജനുമാണ് റീപോളിംഗിനെതിരെ പരസ്യമായി രംഗത്തുവന്നത്.
ഒരു കള്ളവോട്ടിന്റെ പേരിൽ റീപോളിങ‌് നടത്തുന്നത‌് തെറ്റായ കീഴ‌്‌വഴക്കം സൃഷ്ടിക്കുമെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ആൾമാറാട്ടം നടത്തി ആരെങ്കിലും വോട്ടു ചെയ‌്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസെടുക്കുകയാണു വേണ്ടത‌്. അതിനു പകരം ആ ബൂത്തിൽ വോട്ടു ചെയ‌്ത ആയിരം പേരെയും ശിക്ഷിക്കേണ്ടതുണ്ടോയെന്ന‌് തെരഞ്ഞെടുപ്പു കമീഷൻ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.
ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ റീപോളിങ് വേണോയെന്ന് ആലോചിക്കണമെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി.ജയരാജൻ പറഞ്ഞത്. പോളിങ് കീഴ്‍വഴക്കമായാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും, കള്ളവോട്ട് ചെയ്യുന്നവര്‍ക്ക് നിയമാനുസൃതം ശിക്ഷ നല്‍കിയാല്‍ മതി എന്നും ജയരാജൻ പറഞ്ഞു.
കള്ളവോട്ട് നടന്നതായി തെളിഞ്ഞ കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്ന് റീപോളിങ‌് നടന്നത്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.

