Friday, May 10, 2024
spot_img

ബംഗാളില്‍ പരക്കെ ബോംബേറും സംഘര്‍ഷവും; കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം തുടരുന്നു. തൃണമുല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷം. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനുപം ഹസ്‌റയുടെ വാഹനം തകര്‍ന്നു. തൃണമുല്‍ കോണ്‍ഗ്രസിന്റെ വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ മുഖാവരണം ധരിച്ച് എത്തി കള്ളവോട്ട് ചെയ്യുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും വിരട്ടി ഓടിക്കുകയാണെന്നും ബിജെ.പി ആരോപിച്ചു.

അതിനിടെ വോട്ട് ചെയ്യാന്‍ എത്തുന്നവരെ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണെന്ന് ബാസിര്‍ഹട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി സയന്തന്‍ ബസു ആരോപിച്ചു. തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവ്രവാദികളെപ്പോലെയാണ് പെരുമാറുന്നതെന്ന് പടിഞ്ഞാറന്‍ കൊല്‍ക്കത്ത മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സി.കെ ബോസും ആരോപിച്ചു.

ബിജെപിയുടെ പരാതിയെ തുടര്‍ന്ന് ബാസിര്‍ഹട്ടിലെ 189-ാം നമ്പര്‍ ബൂത്തിലേക്ക് അധിക സേനയെ എത്തിച്ചു. ഡയമണ്ട് ഹാര്‍ബറിലും സംഘര്‍ഷമുണ്ടായി. സ്ഥാനാര്‍ത്ഥി നീലാഞ്ജന്‍ റോയിയുടെ കാര്‍ തല്ലിത്തകര്‍ത്തു.

സംഘര്‍ഷം കണക്കിലെടുത്ത് ബംഗാളില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണ സാധ്യത നിലനില്‍ക്കുന്നു. അതിനാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വരെ ബംഗാളില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ഈ മാസം 27 വരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി.

Related Articles

Latest Articles