Monday, June 17, 2024
spot_img

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കായാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. വരുന്ന 22 ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്മാരകം ഉദ്‌ഘാടനം ചെയ്യും. 2015 ജൂൺ ആറിനാണ് പാനൂർ തെക്കുംമുറിയിലെ ആളൊഴിഞ്ഞ പറമ്പിൽ സ്ഫോടനം നടന്നത്. ബോംബ് നിർമ്മാണത്തിനിടെ നടന്ന പൊട്ടിത്തെറിയിൽ പാനൂർ ചെറ്റക്കണ്ടിയിൽ ഷൈജു സുബീഷ് എന്നീ സിപിഎം പ്രവർത്തകർ കൊല്ലപ്പെടുകയായിരുന്നു.

അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമ്മാണത്തെ തള്ളിപ്പറഞ്ഞെങ്കിലും ഒരു വർഷത്തിന് ശേഷം 2016 ൽ കൊല്ലപ്പെട്ട ഇരുവരും സിപിഎമ്മിന്റെ രക്തസാക്ഷി പട്ടികയിൽ സ്ഥാനം പിടിക്കുകയും അനുസ്മരണ സമ്മേളനം നടത്തുകയും ചെയ്‌തു. ആർ എസ്സ് എസ്സ് ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻവെടിഞ്ഞവർ എന്നപേരിലാണ് ഇരുവരും രക്തസാക്ഷി പട്ടികയിൽ സ്ഥാനം പിടിച്ചത്. സ്മാരകം യാഥാർഥ്യമായതോടെ ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന് സിപിഎം അംഗീകരിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഇക്കൊല്ലവും ബോംബ് നിർമ്മാണത്തിനിടെ നടന്ന സ്‌ഫോടനത്തിൽ പാനൂരിൽ ഒരു സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. പാനൂർ സ്വദേശി ഷെറിനാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.

Related Articles

Latest Articles