Saturday, May 18, 2024
spot_img

സിപിഎം വീണ്ടും പ്രതിരോധത്തിൽ !കരുവന്നൂർ മോഡലിൽ കോടികളുടെ തട്ടിപ്പെന്ന പരാതിയിൽ കുട്ടനെല്ലൂർ സഹകരണ ബാങ്കിലും ഇഡി അന്വേഷണം !

തൃശ്ശൂർ : കുട്ടനെല്ലൂർ സഹകരണ ബാങ്കിലും കരുവന്നൂർ ബാങ്കിലേതിന് സമാനമായി കോടികളുടെ തട്ടിപ്പെന്ന പരാതി ശക്തമാകുന്നു. ജീവനക്കാരന്റെ പരാതിയിൽ ഇഡി. അന്വേഷണം ആരംഭിച്ചത് ബാങ്കിലെ ഭരണസമിതിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിന് തലവേദനയാവുകയാണ്. കരുവന്നൂർ കേസിൽ മുൻ എംപി അടക്കമുള്ള ഉന്നത നേതാക്കൾക്ക് നോട്ടീസ് അയക്കുന്ന അതെ സമയത്ത് തന്നെയാണ് കുട്ടനെല്ലൂരിലും ഇഡി എത്തുന്നത്.

ചെറിയ ഈടിന്മേലും വ്യാജരേഖകളിലും കോടിക്കണക്കിനു രൂപ വായ്പ നൽകിയതു സംബന്ധിച്ച് നൽകിയ പരാതികൾ ഒല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ആരോപണമുയർന്നു. രണ്ടു പരാതികൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. അഡ്മിനിസ്ട്രേറ്റർ ഭരണകാലത്താണ് പരാതികളുണ്ടായത്. സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള ഒട്ടേറെ പേർക്ക് ചെറിയ ഈടിന്മേൽ അനുവദിക്കാൻ പാടില്ലാത്തതിനേക്കാൾ ഇരട്ടിയോ അതിലധികമോ വായ്പയാണ് നൽകിയതെന്നു പരാതിയിൽ പറയുന്നു. ഒരേ വസ്തു ഈടിന്മേൽ അഞ്ച് വായ്പകൾ വരെ നൽകിയിട്ടുണ്ട്. മാത്രമല്ല, പ്രവർത്തന പരിധിക്കു പുറത്തുള്ളവർക്ക് അംഗത്വം നൽകിയും വായ്പകൾ നൽകി. ഇപ്രകാരം കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയതിനു പിന്നിൽ കമ്മിഷൻ കൈപറ്റിയെന്നും ആരോപണമുണ്ട്.

വർഷങ്ങളായി സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. പരാതികൾ ഉയർന്നതിനെതുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ 32.92 കോടിയുടെ ക്രമക്കേട് കണ്ടെത്തി. 2020-21 സാമ്പത്തികവർഷത്തിൽ മാത്രം 9.62 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. മുൻ ഭരണസമിതിയംഗങ്ങൾ സിറ്റിങ് ഫീസിനത്തിലും ചിട്ടി കമ്മിഷൻ ഇനത്തിലും 72.11 ലക്ഷം നേടിയതായും സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടെങ്കിലും കോടതിയിൽ പോയതിനെതുടർന്ന് തിരിച്ചുവന്നു. കാലാവധി തികയ്ക്കാൻ രണ്ടുമാസക്കാലം ബാക്കി നിൽക്കേയാണ് ഭരണസമതി തിരിച്ചുവന്നത്. കാലാവധി കഴിഞ്ഞപ്പോൾ നടന്ന തെരഞ്ഞെടുപ്പിലും സിപിഎം. നേതൃത്വത്തിലുള്ള ഭരണസമിതി തന്നെ അധികാരമേറ്റു.

Related Articles

Latest Articles