Monday, May 20, 2024
spot_img

നിലവിളക്ക് കൊളുത്തി പടുക്കയൊരുക്കി ഗണപതിയെ സങ്കൽപ്പിച്ച് ചാണകം ഉരുട്ടിവച്ച് സിപിഎം പോഷക സംഘടനയുടെ കാൽ നാട്ടൽ കർമ്മം, മിത്ത് റിയാലിറ്റി വിവാദം കൊഴുക്കുമ്പോഴും ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ

നെയ്യാറ്റിൻകര: ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ഗണപതി ഭഗവാൻ മിത്താണെന്ന പ്രസ്താവനയിൽ സ്പീക്കർ എ എൻ ഷംസീർ ഉറച്ചു നിൽക്കുമ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാൻ പാർട്ടി മുന്നിട്ടിറങ്ങുമ്പോഴും കാൽ നാട്ടൽ കർമ്മത്തിന് ഗണപതി പൂജ നടത്തി സി പി എം പോഷക സംഘടനയായ വ്യാപാരി വ്യവസായി സമിതി. വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ എല്ലാവർഷവും നടത്തിവരാറുള്ള നെയ്യാർ മേളയുടെ കാൽനാട്ടൽ കർമ്മത്തിലാണ് വിഘ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ വിനായക പൂജ നടന്നത്. പ്രാദേശിക സിപിഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത് എന്നത് ശ്രദ്ധേയമാണ്. നിലവിളക്ക് കൊളുത്തി,പടുക്കായൊരുക്കി ഗണപതിയെ സങ്കൽപ്പിച്ച് ചാണകം ഉരുട്ടിവച്ച് ആചാര വിധി പ്രകാരമാണ് ചടങ്ങ് നടന്നത്.

ഗണപതിയും പുഷ്പക വിമാനവും പോലുള്ള ഹിന്ദു വിശ്വാസങ്ങൾ മിത്തുകളാണ് എന്ന പ്രസ്താവനയാണ് സ്പീക്കർ നടത്തിയത്. പിറ്റേന്ന് ഇതിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയ എം വി ഗോവിന്ദന്റെ വാക്കുകൾ അതിലേറെ ഹിന്ദു വിരുദ്ധവും മത സ്പർദ്ധയുണ്ടാക്കുന്നതുമായിരുന്നു. ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോ? അതുപോലെയാണോ അല്ലാഹു എന്നാണ് ഗോവിന്ദൻ പറഞ്ഞത്. പിന്നീട് ഈ നിലപാട് അദ്ദേഹം തിരുത്തിയെങ്കിലും സ്പീക്കർ തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പുപറഞ്ഞിട്ടില്ല. എൻ എസ് എസ് ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ സ്പീക്കർ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് സമരത്തിലാണ്. സിപിഎമ്മിനുള്ളിലും സ്പീക്കറുടെ നിലപാടിൽ അതൃപ്തിയുള്ളവർ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴാണ് ഒരു സിപിഎം പോഷക സംഘടന തന്നെ ഗണപതി പൂജയുമായി മുന്നോട്ട് വരുന്നത്.

Related Articles

Latest Articles