Sunday, December 14, 2025

മൗനം വെടിയാതെ സിപിഎം ;ലോക്കൽ സെക്രട്ടറിയുടെ കൊലയ്ക്ക് കാരണം വ്യക്തിവിരോധം ,കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ

കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് രാഷ്ട്രീയാരോപണത്തിന് സി.പി.എം മുതിർന്നിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയസംഘടനയ്ക്ക് പങ്കുണ്ടെന്നോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നോ പറയുന്നില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.

കീഴടങ്ങിയ പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷി (30)നെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ വ്യാഴാഴ്ച അർധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ പ്രതിയെ ചോദ്യംചെയ്യുന്നതായാണ് വിവരം.

പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിനിടയിൽ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. ആൾക്കൂട്ടത്തിൽനിന്ന് മാറി ഗാനമേള കേൾക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ അക്രമംനടന്ന കുറച്ചുഭാഗം പതിഞ്ഞതായി അറിയുന്നു. സി.സി.ടി.വി.യുള്ള മുറി പോലീസ് പൂട്ടി സീൽചെയ്തു. കൊയിലാണ്ടി സി.ഐ. മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles